അങ്ങനെ ഈ കമ്പനിയുടെ കാറുകൾ വാങ്ങാനും ഇനി ചെലവേറും

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ആൾട്ടോ, ഇക്കോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, എർട്ടിഗ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ കാറുകൾക്ക് ഇനിമുതൽ ചെലവേറും.



 


മൊത്തത്തിലുള്ള പണപ്പെരുപ്പവും മറ്റ് ആവശ്യകതകളുടെ ചിലവുകളും കാരണം വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതമായെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. 2023 ഏപ്രിലിൽ വർധനവ് നിലവിൽ വരും. ഇത് മാരുതിയുടെ എല്ലാ മോഡലുകളുടെ വിലയിലും വ്യത്യാസമുണ്ടാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.


റിയൽ ഡ്രൈവിങ്ങ് എമിഷൻ (ആർ.ഡി.ഇ) മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി വാഹന നിർമ്മാതാക്കളാണ് തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. സെൽറ്റോസ്, സോനെറ്റ്, കാരൻസ് എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളെ (ആർ.ഡി.ഇ) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതുക്കിയ വിലയിൽ കിയ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും സമാന രീതിയിൽ വാഹനങ്ങൾ അവതരിപ്പിച്ച് വിലകൂട്ടി. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹനങ്ങളുടെ വില ഏപ്രിൽ ഒന്നുമുതൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കും.


രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തെരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില ഏപ്രിൽ ഒന്നു മുതൽ ഏകദേശം രണ്ട് ശതമാനം വർധിപ്പിക്കും. സി.ബി 350 ഹൈനസ്, ആർ.എസ് എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ മോഡലുകൾക്ക് ഹോണ്ട മോട്ടോർ കമ്പനി കുത്തനെ വിലകൂട്ടി. വാഹനപ്രേമികളെ സംബന്ധിച്ച് ഇതെല്ലാം അത്രനല്ല വാർത്തയല്ല. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ കീശ കീറുമെന്ന് ചുരുക്കം.

Tags:    
News Summary - Maruti cars to become expensive from April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.