മഹീന്ദ്ര ഇത് എന്ത് ഭാവിച്ചാണ്? ഇവികൾക്കായി യു.കെയിൽ പുതിയ ഡിസൈൻ കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടെ രൂപകൽപ്പനക്കായി യു.കെയിൽ ഇവി ഡിസൈൻ കേന്ദ്രം ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പ് (എം.എ.ഡി.ഇ) എന്ന പേരിലാണ് പുതിയ സംരംഭം. മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇവി പോർട്ട്‌ഫോളിയോയുടെ സുപ്രധാന ആശയങ്ങൾ കൈകാര്യം ചെയ്യാനായി പുതിയ കേന്ദ്രം പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഓക്‌സ്‌ഫോർഡ്‌ഷയർ ബാൻബറിയിലെ ആഗോള ഓട്ടോമോട്ടീവ് ഇവി ഹബ്ബിലാണ് പുതിയ ഡിസൈൻ സെന്റർ സ്ഥിതി ചെയ്യുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് റോബോട്ടിക്‌സ്, ഓട്ടോണമിക്‌സ് തുടങ്ങിയ പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാണ് ഈ സ്ഥലം തെരഞ്ഞെടുത്തതെന്ന് കമ്പനി അറിയിച്ചു. മഹീന്ദ്ര ഗ്ലോബൽ ഡിസൈൻ നെറ്റ്‌വർക്കിന്‍റെ ഭാഗമായി മുംബൈയിൽ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയും നേരത്തെ ആരംഭിച്ചിരുന്നു.

വരാനിരിക്കുന്ന ഇവികളുടെ ഡിസൈനുകൾ തയാറാക്കുന്നത് ഇതി മുതൽ പ്രധാനമായും എം.എ.ഡി.ഇയിലൂടെ ആയിരിക്കും. ഭാവിയിലെ എല്ലാ മഹീന്ദ്ര ഇവികളും അതുപോലെ നൂതന വാഹന ഡിസൈൻ ആശയങ്ങളും സൃഷ്ടിക്കുക എന്നതാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും യു.കെ അന്താരാഷ്ട്ര വ്യാപാര മന്ത്രി റനിൽ ജയവർധനയും ചേർന്നാണ് എം.എ.ഡി.ഇ ഉദ്ഘാടനം ചെയ്തത്.

എം.എ.ഡി.ഇ എന്നത് നവീകരണത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവട് വെപ്പാണെന്നും കേവലം 15 മാസം കൊണ്ട് വാഹന വൈദ്യുതീകരണ ഭാവിയുടെ രൂപരേഖ തയാറാക്കിക്കഴിഞ്ഞെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. അടുത്തിടെ കമ്പനി പ്രദർശിപ്പിച്ച അഞ്ച് ഇ-എസ്‌.യു.വികളിൽ മൂന്നെണ്ണത്തിന്റെ വികസനത്തിന് എം.എ.ഡി.ഇ പങ്ക് വഹിച്ചു. ആശയവത്കരണം, ക്ലാസ്-എ സർഫേസിങ്, ത്രീഡി ഡിജിറ്റലും ഫിസിക്കൽ മോഡലിങും, ഡിജിറ്റൽ വിഷ്വലൈസേഷൻ, ഹ്യൂമൻ-മെഷീൻ ഇന്റർഫേസ് ഡിസൈൻ എന്നിവയുൾപ്പെടെ എല്ലാ ഡിസൈൻ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന അത്യാധുനിക ഡിസൈൻ ടൂളുകൾ എം.എ.ഡി.ഇയിൽ സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എ.ഡി.ഇയുടെ പ്രാഥമിക ദൗത്യം ഞങ്ങളുടെ വൈദ്യുത ദർശനത്തെ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് ഡിസൈൻ ഓഫിസർ പ്രതാപ് ബോസ് പറഞ്ഞു. എല്ലാ സാങ്കേതിക വിദ്യകളും ഓട്ടോമോട്ടീവ് ഡിസൈൻ കഴിവുകളും ഇവിടെ സമാഹരിച്ചിരിക്കുന്ന അത്യാധുനിക ഉപകരണങ്ങളും ആ ലക്ഷ്യത്തിലേക്കാണ് സജ്ജീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Mahindra inaugurates new dedicated EV design studio in the UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.