'തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു പേർ സഞ്ചരിക്കുന്ന ബൈക്ക് പൊലീസിനെ കണ്ട് നിർത്തി തിരികെ പോവുന്നതാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നയാളുടെ മുമ്പിൽ പൊലീസ് ജീപ്പ് വന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി നൽകിയ ശബ്ദവും ബി.ജി.എമ്മും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. 'ഞാനപ്പൊഴേ പറഞ്ഞ്, ഇപ്പോ കേറല്ലേ, കേറല്ലേ എന്ന്...നില്ല് സമാധാനപ്പെട് ഇപ്പോ രക്ഷപ്പെടുത്താം... അതേ, വ്യക്തമായിട്ട് പ്ലാനെന്താന്നു പറഞ്ഞിട്ടു പോയാ മതി, ഞാൻ മാത്രമല്ല, അവരെല്ലാവരും' ഇങ്ങനെ പോകുന്നു സിനിമകളില്‍ നിന്നെടുത്ത രസകരമായ സംഭാഷണം. വീഡിയോക്ക് ആയിരക്കണക്കിന് ലൈക്കും ഷെയറും ലഭിച്ചിട്ടുണ്ട്.
നിരവധിപേർ വീഡിയോയെ അനൂകുലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. 'പാവപ്പെട്ടവന്‍റെ മുകളിൽ കുതിര കയറാൻ ഉള്ള പോലീസ് സാറന്മാരുടെ പതിവ് ശ്രമം വീണ്ടും ആവർത്തിക്കുന്നു. സ്വയം ട്രോളി പരുവമായി നിൽക്കുന്ന നിങ്ങൾ ഈ ട്രോൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. പ്രിയ സാറന്മാരെ ധൈര്യമുണ്ടെങ്കിൽ കഴിഞ്ഞ ഇലക്ഷൻ കാലത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ കാണിച്ച നിയമലംഘനത്തിന്‍റെ ട്രോൾ വീഡിയോ ഇടൂ. അതാണ് ഹീറോയിസം. മെയ് രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ഈ നാട്ടിലെ ഏതെങ്കിലും അധികാരികൾക്ക് ചങ്കൂറ്റം ഉണ്ടോ. കളക്ടർമാരെ ദയവായി വാഴപ്പിണ്ടി മാറ്റി നട്ടെല്ലു പകരം വെക്കു'-ഒരാൾ കുറിച്ചു.
'കൂടുതൽ പിഴ അടപ്പിക്കണം. ഇനി അവര്‍ത്തിക്കരുത്. ശരിയായ രീതിയിൽ മാസ്ക് വെച്ചാൽ വെള്ളതുണിയിൽ പൊതിയപ്പെടില്ല. അ ഭയം ഉണ്ടാവണം'-മെറ്റാരാൾ കുറിക്കുന്നു. 'പെട്രോൾ വില കൂടിയത്കൊണ്ട് മൂന്ന് ബൈക്ക് എടുക്കുന്നതിലും നല്ലത് മൂന്നാളും ഒരു ബൈക്കിൽ പോകുന്നതല്ലേ' എന്ന് ചോദിച്ചവരും കമന്‍റ് ബോക്സിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.