ജീവന്‍ സാജു ​(ഇടത്ത്​), ജീവൻ തയാറാക്കിയ മോട്ടോഗ്രഫി വർക്ക്​ 

മോട്ടോഗ്രഫിയില്‍ വിസ്മയം തീര്‍ത്ത് ജീവന്‍; ലോകമെങ്ങും ആരാധകർ

അങ്കമാലി: മോട്ടോഗ്രഫിയെ നെഞ്ചോട് ചേര്‍ക്കുന്ന ജീവന്‍ സാജുവിന്‍റെ പുതുമയൂറും പരീക്ഷണങ്ങള്‍ തേടി വിദേശ രാജ്യങ്ങളില്‍നിന്നു പോലും ആവശ്യക്കാരത്തെുന്നു. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ ആനിമേഷന്‍ ആന്‍ഡ് ഡിസൈനിങ് വിദ്യാര്‍ഥിയായ ജീവന്‍, മോട്ടോര്‍ വാഹന ആര്‍ട്ട്​ ക്രിയേഷനിലൂടെയാണ്​ വഴിത്തിരിവ് സൃഷ്ടിക്കുന്നത്​.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പെന്‍സില്‍ ഡ്രോയിങ്ങിന്​ അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനമാണ്​ ചിത്രരചനമേഖലയിൽ ആത്മവിശ്വാസം നൽകിയത്​. ഹൈസ്കൂള്‍ പഠന ശേഷം തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ രൂപ മാറ്റം വരുത്തിയ മോട്ടോര്‍ ബൈക്കുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അതുകണ്ട് ആകൃഷ്ടരായ ചിലര്‍ അത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അതോടെയാണ് ജീവന്‍ മോട്ടോഗ്രഫി രംഗത്ത് ചുവടുറപ്പിച്ചത്. തുടക്കത്തില്‍ സുഹൃത്തുക്കളുടെ സ്മൈലികളും ലൈക്കുകളുമാണ്​ ലഭിച്ചത്​. പിന്നീട് തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചിത്രങ്ങൾ തയാറാക്കി നല്‍കാൻ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആവശ്യക്കാരെത്തി. നിശ്ചിത സമയ പരിധിക്കുള്ളില്‍ തയാറാക്കി നല്‍കുന്ന ചിത്രങ്ങള്‍ക്ക് പണം ലഭിക്കാൻ തുടങ്ങിയതോടെയാണ് അതിന്‍റെ സാധ്യതകളെ കുറിച്ച്​ വിശദമായി പഠിച്ചത്​. ചിത്രങ്ങള്‍ക്ക് 10 മുതല്‍15 യൂറോ വരെ പ്രതിഫലമായി ലഭിക്കുന്നതായി ജീവന്‍ പറയുന്നു.

ആവശ്യക്കാര്‍ അയച്ചു തരുന്ന ചിത്രങ്ങളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ പോയി സ്വയം എടുത്ത ചിത്രങ്ങളും സംയോജിപ്പിച്ചാണ് മോട്ടോഗ്രഫി വര്‍ക്ക് ആകര്‍ഷകമാക്കുന്നത്. സാമൂഹിക മാധ്യമ കവര്‍ ചിത്രങ്ങളായും കലണ്ടറായും ടേബിള്‍ ടോപ്പായും പലരും ജീവന്‍െറ കരവിരുത് പ്രയോജനപ്പെടുത്തുകയാണ്.


പത്ര ഏജന്‍റായ കറുകുറ്റി എടക്കുന്നിലെ സാജു ഏനായി-ലിജി ദമ്പതികളുടെ ഇളയ മകനാണ് ജീവന്‍. പ്ലസ്​ടു പഠനത്തിന് ശേഷമാണ്​ ജീവന്‍ മോട്ടോഗ്രഫി തെരെഞ്ഞെടുത്തത്​. ചിത്രങ്ങള്‍ക്ക് പുതുരൂപം നല്‍കി തുടര്‍ പഠനത്തിനും അനുബന്ധ ചെലവുകള്‍ക്കും പണം ക​െണ്ടത്താനുള്ള തീവ്ര യജ്ഞത്തിലാണ് ജീവന്‍. ചുരുങ്ങിയ കാലത്തെ തന്‍റെ വരുമാനം കൊണ്ട് 1.83ലക്ഷം രൂപ വിലയുള്ള ബൈക്ക് സ്വന്തമാക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ്​ ഈ മിടുക്കൻ. സ്വന്തം പണമുപയോഗിച്ചാണ്​ കോളജ് പ്രവേശനത്തിനും ആദ്യ സെമസ്റ്ററിനുമുള്ള ഫീസ് അടച്ചതും​.

ചെറുപ്പം മുതല്‍ മോട്ടോര്‍ സൈക്കിള്‍ ഭ്രമമായി കൊണ്ടുനടന്ന ജീവൻ പ്രൈമറി തലം മുതല്‍ ചിത്രകലയില്‍ മികവ് പുലര്‍ത്തുകയും നിരവധി സമ്മാനങ്ങൾ വാരികൂട്ടുകയും ചെയ്​തിട്ടുണ്ട്​. motographer_kid_ എന്ന ഇന്‍സ്റ്റ ഗ്രാം അക്കൗണ്ട് തുറന്നാല്‍ ജീവന്‍റെ കൂടുതല്‍ ക്രിയേഷന്‍ വര്‍ക്കുകള്‍ കാണാനാകും. മൂത്ത സഹോദരന്‍ കളമശ്ശേരി ഗവ. പോളിടെക്നിക് അവസാന വര്‍ഷ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ജെയിനും ചിത്രകലയില്‍ അഭിരുചി പുലര്‍ത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.