ഹീറോയുടെ 'ഹീറോ' പാഷൻ എക്‌സ്‌ ടെക് എത്തി

2001ൽ അവതരിച്ച പാഷൻ എന്ന ജനപ്രിയ മോഡലിലെ ഏറ്റവും പുതിയ വാഹനമായ പാഷൻ എക്‌സ്‌ ടെക്, ഹീറോ മോട്ടോ കോർപ്പ് വിപണിയിലെത്തിച്ചു. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യു.എസ്.ബി ചാർജിങ്, എസ്.എം.എസ്, കോൾ അലേർട്ടുകൾ, തത്സമയ മൈലേജ് ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് അലേർട്ട്, എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, സർവീസ് റിമൈൻഡർ എന്നിങ്ങനെ ആധുനിക സന്നാഹങ്ങളോടെയാണ് പുത്തൻ പാഷൻ എത്തുന്നത്.


ഡിസ്ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാവും. മികച്ച ഇന്ധനക്ഷമതയ്ക്കായി ​ഐ.3 എസ് സാങ്കേതിക വിദ്യയും വാഹനത്തിലുണ്ട്. 7500 ആർ.പി.എമ്മിൽ 9 ബി.എച്ച്.പി പവറും 5000 ആർ.പി.എമ്മിൽ 9.79 എൻ.എം ടോർക്കും നൽകുന്ന സിംഗിൾ സിലിണ്ടർ 110 സി.സി എഞ്ചിനാണ് പുതിയ പാഷൻ എക്സ് ടെക്കിന് കരുത്ത് പകരുന്നത്.


പുതിയ ഫീച്ചറുകളും സ്‌മാർട്ട് ഡിസൈനും ഉള്ള എക്‌സ്‌ ടെക് രാജ്യത്തെ യുവാക്കളെ ആവേശം കൊള്ളിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മാസൺ പറഞ്ഞു. സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ ടെക്, ഗ്ലാമർ 125 എക്‌സ്‌ ടെക്, പ്ലെഷർ പ്ലസ് 110 എക്‌സ്‌ ടെക്, ഡെസ്റ്റിനി 125 എക്‌സ്‌ ടെക് തുടങ്ങിയ വാഹനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. പാഷൻ എക്‌സ്‌ ടെക്കും ഇൗ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പാഷൻ എക്‌സ്‌ ടെക് ഡ്രം ബ്രേക്ക് വേരിയന്റിന് 74590 രൂപയും (ഡൽഹി എക്‌സ് ഷോറൂം വില) ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78990 രൂപയുമാണ് വില. അഞ്ച് വർഷത്തെ വാറന്റിയും ഹീറോ ഉറപ്പ് നൽകുന്നു.



Tags:    
News Summary - Hero Motocorp launches Passion XTec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.