കേരളത്തിൽ 10 പുതിയ ഷോറൂമുകള്‍; സംസ്​ഥാനത്തിനായി വമ്പർ പദ്ധതി പ്രഖ്യാപിച്ച്​ ഇ.വി കമ്പനി

കൊച്ചി: മുന്‍നിര ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി 2023 മാര്‍ച്ചോടെ കേരളത്തില്‍ 10 പുതിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. കേരളത്തില്‍ പ്രീമിയം ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡിനെ തുടര്‍ന്നാണ് കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ആലോചിക്കുന്നതെന്ന് ചീഫ് ബിസിനസ് ഓഫീസര്‍ രവ്‌നീത് സിങ്ങ് ഫൊകേല പറഞ്ഞു.


തിരുവനന്തപുരം പട്ടത്ത് ഏഥര്‍ സ്‌പേസ് ആരംഭിച്ചതോടെ കേരളത്തില്‍ ഏഥറിന് മൂന്ന് ഷോറൂമുകളായി. നേരത്തെ, കൊച്ചിയിലും കോഴിക്കോടും ഷോറൂമുകള്‍ ആരംഭിച്ചിരുന്നു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസുമായി ചേര്‍ന്നാണ് തലസ്​ഥാന നഗരത്തിൽ പട്ടത്ത് പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചത്. ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കു ലഭിച്ച മികച്ച പ്രതികരണമാണ് സംസ്ഥാനത്തെ ദ്രുതഗതിയിലുള്ള വികാസത്തിന് വഴിയൊരുക്കിയത്.

പുതിയ എക്​സ്​രിയന്‍സ് സെന്റര്‍ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുകയും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് എഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടുതല്‍ പ്രാപ്യമാക്കുകയും ചെയ്യുമെന്ന് രവ്നീത് സിങ്​ ഫൊകേല പറഞ്ഞു.


ഏഥർ ഇ.വി

ഇ.വി സ്റ്റാർട്ടപ്പായ​ ഏഥർ തങ്ങളുടെ ഉത്​പന്ന മേന്മകൊണ്ട്​ പരമ്പരാഗത വാഹന നിർമാതാക്കൾക്കും മുന്നേ പറന്ന കമ്പനിയാണ്​​. ഏഥർ സ്​കൂട്ടറുകൾക്ക്​ രണ്ട്​ പ്രത്യേകതകളാണുള്ളത്​. ഒന്ന്,​ വാഹനത്തിന്‍റെ റേഞ്ച്​ (ഒറ്റ ചാർജിൽ ഓടുന്ന ദൂരം) വളരെ കൂടുതലാണ്​. അതുപോലെ സാമാന്യം മികച്ച വേഗത്തിലും വാഹനം ഓടിക്കാനാകും. പുതിയ കമ്പനിയായതിനാൽ ചില പരാധീനതകൾ ഏഥറിനുണ്ട്​. ആവശ്യക്കാർക്ക്​ വേണ്ടതനുസരിച്ച്​ വാഹനം എത്തിക്കാനുള്ള സംവിധാനം ഇവർക്കില്ല. ഇത്​ പരിഹരിക്കാനാണ്​ കേരളത്തിൽ 10 എക്​സ്​പീരിയൻസ്​ സെൻററുകൾ എന്ന പ്രഖ്യാപനം ഏഥർ നടത്തിയിരിക്കുന്നത്​.

കമ്പനി തമിഴ്​നാട്ടിലെ ഹൊസൂരിൽ നിർമാണ പ്ലാന്‍റ്​ സ്​ഥാപിച്ചത്​ അടുത്തിടെയാണ്​. ഈഥറിൽ ഹീറോ പോലുള്ള വമ്പൻ കമ്പനികളും സച്ചിൻ ബെൻസാലിനെപോലുള്ള ഇൻവെസ്റ്റർമാരും ധാരാളം പണം നിക്ഷേപിക്കുന്നുണ്ട്​. അതിൽതന്നെ ഭാവിയുള്ള വാഹനമാണിതെന്ന്​ പറയാം. ഈഥർ 450 എക്​സ്​ എന്നാണ്​ വാഹനത്തിന്‍റെ ഫുൾനെയിം. ഒറ്റ ചാർജിൽ ഇക്കോ മോഡിൽ വാഹനം 80 കിലോമീറ്റർ സഞ്ചരിക്കും​. വാർപ്പ് എന്ന പെ​ർഫോമൻസ്​ മോഡിൽ ​50 കിലോമീറ്ററാണ്​ മൈലേജ്​. പൂജ്യത്തിൽ നിന്ന്​ 60 കിലോമീറ്റർ വേഗമാർജിക്കാൻ 7.36 സെക്കൻഡ്​ മതി. ഭാരം 108 കിലോഗ്രാം.


വില

ഏഥറിന്​ നിലവിൽ 450 പ്ലസ്​, 450 എക്​സ്​ എന്നിങ്ങനെ രണ്ട്​ മോഡലുകളാണുള്ളത്​. 450 പ്ലസിന്​ 1,25,490 രൂപയാണ് ​വിലവരുന്നത്​. 450 എക്​സിനാക​െട്ട​ 1,44,500 രൂപയും. ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ അവിടങ്ങളിൽ നൽകുന്ന സബ്​സിഡികൂടി ചേർത്ത്​ കുറച്ചുകൂടി കുറഞ്ഞവിലയിൽ വാഹനം ലഭ്യമാകും.ഏഥറി​െൻറ നിലവിലുള്ള 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്​കൂട്ടർ നിർമിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്​​. ഒരു ലക്ഷത്തിൽ താഴെ വിലവരുന്ന വാഹനമാണ്​ ഇത്തരത്തിൽ നിർമിക്കുന്നത്​.


ഒല, ഒകിനാവ, സിമ്പിൾ തുടങ്ങിയ വില കുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്​ജറ്റ്​ ഇ.വി ഏഥറിനെ സഹായിക്കും.'ഞങ്ങൾ ഇതിനകം 450 പ്ലസിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കാവുന്ന സ്​കൂട്ടറി​െൻറ നിർമാണത്തിലാണ്​. ഏതാനും മാസങ്ങൾക്കകം വാഹനം പുറത്തിറക്കാമെന്നാണ്​ പ്രതീക്ഷ. പുതിയ സംസ്ഥാനങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ഏഥറിന്​ താൽപ്പര്യമുണ്ട്​'-ഏഥർ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫൊക്കേല പറഞ്ഞു.

വില ഒരു ലക്ഷം രൂപ

പുതിയ ഏഥർ ഇ-സ്​കൂട്ടറിന് ഒരു ലക്ഷം രൂപയ്ക്ക് താഴെ (എക്‌സ്-ഷോറൂം) വില ലഭിക്കാൻ സാധ്യതയുണ്ട്. ഓല എസ് 1 (99,999 രൂപ), സിമ്പിൾ വൺ (1,09,999) എന്നിങ്ങനെ വാഹനങ്ങൾ പ്രധാന എതിരാളികളാകും. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഏഥർ ഇതുവരെ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ മുന്നേറിയിരുന്നു. വില കുറയുന്നതോടെ വാഹനം കൂടുതൽ ജനപ്രിയമാകുമെന്നാണ്​ സൂചന. എന്നാലീ മോഡൽ എന്ന്​ നിരത്തിൽ എത്തുമെന്ന്​ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 

Tags:    
News Summary - Electric scooter start-up Ather Energy scales up expansion in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.