'ഫാൻസി സ്റ്റുഡിയോയിൽ നിർമിച്ചതല്ല, ഇന്ത്യൻ നിരത്തുകളിൽ നിന്ന് രൂപം കൊണ്ടത്'; ഇതാ ടി.വി.എസിനൊപ്പം രൂപകൽപന ചെയ്ത ഹ്യൂണ്ടായ് ഇലക്ട്രിക് ത്രീവീലർ

ന്യൂഡൽഹി: ഭാരത് മൊബിലിറ്റി എക്സ്പോ ഇലക്ട്രിക് വാഹന മേളയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനങ്ങളുടെ ആവകശ്യ മുൻനിർത്തി ടി.വി.എസ് മോട്ടോറുമായി സഹകരിച്ച് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി കിടിലൻ ഇലക്ട്രിക് ത്രീ വീലർ കോൺസെപ്റ്റാണ് എക്സ്പോയിൽ അവതരിപ്പിച്ചത്.

ഇ3ഡബ്ല്യു, ഇ4ഡബ്ല്യു മൈക്രോ മൊബിലിറ്റി കൺസെപ്‌റ്റുകളാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രെറ്റ ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കിയ ശേഷമാണ് ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായ് അതിന്റെ മൈക്രോ മൊബിലിറ്റി ആശയങ്ങൾ പ്രദർശിപ്പിച്ചത്.   


ഇരുകമ്പനികളും തമ്മിലുണ്ടാക്കുന്ന ധാരണയ്ക്ക് അന്തിമരൂപം ആയിട്ടില്ല. എന്നാല്‍ ഭാവിയെ മുന്നില്‍ക്കണ്ടുള്ള വാഹനങ്ങളുടെ രൂപകല്‍പ്പനയും എന്‍ജിനിയറിങ്ങും സാങ്കേതികവിദ്യാ കൈമാറ്റവുമാണ് ഹ്യുണ്ടയ് വാഗ്ദാനംചെയ്യുന്നത്.

സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും അമ്പരപ്പിക്കുന്നതുമായി വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടി.വി.എസ് കൊറിയന്‍ വാഹന ഭീമനുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്.

പ്രായോഗികതയിലും താങ്ങാനാവുന്ന വിലയിലും ഇന്ത്യക്കായി നിർമിച്ച ഡിസൈനാണെന്നാണ് ഹ്യുണ്ടായിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ഗ്ലോബൽ ഡിസൈൻ ഹെഡുമായ സാങ്‌യുപ് ലീ വിശേഷിപ്പിച്ചത്.

ഇന്ത്യയിൽ സർവവ്യാപിയായ റിക്ഷയിൽ നിന്നാണ് ഡിസൈൻ പ്രചോദനം ഉൾകൊണ്ടത്. എന്നാൽ, ഒരു സാധാരണ റിക്ഷയേക്കാൾ 280 എം.എം നീളമുള്ള വീൽബേസാണുള്ളത്. അത്യാധുനികമായ സ്വതന്ത്ര പിൻ സസ്പെഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റിന് താഴെ ഇരിക്കുന്ന ബാറ്ററി പായ്ക്ക് ഇ3ഡബ്ല്യുവിന് ആവശ്യമുള്ള സ്ഥിരത നൽകുന്നു.

നിർമാണച്ചെലവ് നിയന്ത്രിക്കുന്നതിന്, ഇ3ഡബ്ല്യുവിന്റെ ബോഡി പാനലുകൾ ഫ്ലാറ്റ് ആക്കി, സങ്കീർണ്ണമായ സ്റ്റാമ്പിംഗ് പ്രക്രിയകളുടെ ആവശ്യകത ഇല്ലാതാക്കി.   


'ഇതുപോലുള്ള ഒന്ന് ഞങ്ങൾ മുമ്പ് രൂപകൽപ്പന ചെയ്തിട്ടില്ല. ഒരു ഫാൻസി ഡിസൈൻ സ്റ്റുഡിയോയിൽ വാഹനം വികസിപ്പിക്കുന്നതിനുപകരം, ഞങ്ങൾ തെരുവിലിറങ്ങി, ഒപ്പം അവരുടെ ദൈനംദിന ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാൻ റിക്ഷാ ഉപയോക്താക്കളുമായി രണ്ട് വർഷമായി സമയം ചെലവഴിക്കുകയും ചെയ്തു'-സാങ്‌യുപ് ലീ പറഞ്ഞു.

നഗര ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഹ്യുണ്ടായിയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമാണുള്ളതെന്ന് ടിവിഎസ്സിന്റെ ഗ്രൂപ്പ് സ്ട്രാറ്റജി വിഭാഗം തലവന്‍ ശരദ് മിശ്ര പറഞ്ഞു.

Tags:    
News Summary - Designed on Indian streets, not in a fancy studio: Hyundai’s SangYup Lee on 3W, 4W EV concepts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.