വരുന്നു, ഇലക്ട്രിക് ബൈക്ക് ടാക്സി

ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഇനി ഗതാഗതവകുപ്പിന്‍റെ അംഗീകാരത്തോടെയുള്ള ഇലക്ട്രിക് ബൈക്ക് ടാക്സികളും. ഇത്തരം ടാക്സികൾ നടത്താൻ രണ്ടു കമ്പനികൾ അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ബ്ലൂ സ്മാർട്ട്, ബൗൺസ് എന്നീ കമ്പനികൾക്കാണ് ഇലക്ട്രിക് ബൈക്ക് ടാക്സികൾ നടത്താനുള്ള അനുമതി ലഭിക്കുക.

മറ്റൊരു കമ്പനിക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ഗതാഗത കമീഷണർ എസ്.എൻ. സിദ്ദരാമപ്പ പറഞ്ഞു. നിരവധി തയാറെടുപ്പുകളും നിയമപരമായ കാര്യങ്ങളും ഇക്കാര്യത്തിൽ നടത്താനുണ്ടെന്നും അവ ഉടൻ പൂർത്തിയാക്കുമെന്നും മാസങ്ങൾക്കുള്ളിൽ തന്നെ സർവിസ് തുടങ്ങാനാകുമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞവർഷമാണ് ഇലക്ട്രിക് ബൈക്ക് ടാക്സി പദ്ധതി ഗതാഗതവകുപ്പ് പ്രഖ്യാപിച്ചത്. പൊതുഗതാഗതത്തിന്‍റെ ഭാഗമായി മിതമായ നിരക്കിൽ ജനത്തിന് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കുകളാണ് ഇതിനായി ഉപയോഗിക്കുക. പരമാവധി 10 കിലോമീറ്റർ ദൂരത്തിനുള്ളിലായിരിക്കും സർവിസ്. ഒരു യാത്രക്കാരന് മാത്രമേ സഞ്ചരിക്കാനാകൂ.

അഞ്ചു കിലോമീറ്റർ, പത്തു കിലോമീറ്റർ എന്നീ യാത്രക്കായി നിശ്ചിത നിരക്ക് ഗതാഗതവകുപ്പ് ഉടൻ പ്രഖ്യാപിക്കും. പരമാവധി യാത്രാക്കൂലി 50 രൂപയായിരിക്കും. ഇത് സമയാസമയം അധികൃതർ പുതുക്കുകയും ചെയ്യും. കൂടുതൽ കമ്പനികൾ ഇലക്ട്രിക് ബൈക്ക് ടാക്സി സർവിസുകൾ നടത്താൻ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.

നിലവിൽ ചില കമ്പനികൾ പെട്രോൾ ബൈക്കുകൾ ഉപയോഗിച്ച് അനധികൃതമായി ടാക്സി സർവിസ് നടത്തുന്നുണ്ട്. ഇത് യാത്രക്കാരനും ബൈക്ക് ഓടിക്കുന്നവർക്കും സുരക്ഷിതമല്ല. ഇവക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - comes the electric bike taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.