വിപ്ലവം തുടരുന്നു; പൾസർ എൻ 160 എത്തി

ഇരുപത് വർഷം മുമ്പ് ഇന്ത്യയിൽ സ്‌പോർട്‌സ് ബൈക്ക് വിപ്ലവത്തിന് തുടക്കമിട്ട പൾസർ ശ്രേണിയിൽനിന്ന് പുതിയയൊരു അവതാരപ്പിറവി കൂടി. പൾസർ എൻ 160 സ്‌പോർട്‌സ് കമ്മ്യൂട്ടർ ബൈക്കാണ് ബജാജ് ഓട്ടോ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ പൾസർ 250 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്.


സെഗ്‌മെന്റിലെ ആദ്യ ഡ്യുവൽ ചാനൽ എ.ബി.എസ് പതിപ്പുമായാണ് എൻ 160 എത്തിയിരിക്കുന്നത്. 1.28 ലക്ഷം രൂപയാണ് വില. സിംഗിൾ ചാനൽ എ.ബി.എസ് മോഡലിന് 1.23 ലക്ഷം നൽകിയാൽ മതി. പൾസർ എൻ 250ന്റെ കുഞ്ഞനിയനായാണ് എൻ 160നെ ഒറ്റനോട്ടത്തിൽ തോന്നുക. എൽ.ഇ.ഡി ഡി.എൽ.ആറുകളോട് കൂടിയ പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകളാണ് സവിശേഷത. 8750 ആർ.പി.എമ്മിൽ 15.7 ബി.എച്ച്.പിയും 6750 ആർ.പി.എമ്മിൽ 14.65 എൻ.എം പീക്ക് ടോർക്കും വികസിപ്പിക്കുന്ന 164.82 സി.സി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. ഇത് പൾസർ എൻ.എസ് 160നേക്കാൾ 1 ബി.എച്ച്.പി കുറവാണ്.


മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്ക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്കുമാണ് ഉള്ളത്. 17 ഇഞ്ച് അലോയ് വീലുകളിൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ട്. എൻ 250ന് സമാനമായ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും യു.എസ്.ബി കണക്റ്റിവിറ്റിയുമായാണ് ബൈക്ക് എത്തുന്നത്.


154 കിലോ ഭാരമുള്ള വാഹനത്തിന് 14 ലിറ്റർ ഇന്ധന ടാങ്കാണ് ഒരുക്കിയിരിക്കുന്നത്. റേസിങ് റെഡ്, ടെക്‌നോ ഗ്രേ, കരീബിയൻ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ലഭിക്കും. ഡ്യുവൽ-ചാനൽ എ.ബി.എസ് പതിപ്പ് ബ്രൂക്ലിൻ ബ്ലാക്ക് പെയിന്റ് സ്കീമിൽ മാത്രമേ ലഭ്യമാകൂ. ടി.വി.എസ് അപ്പാഷെ ആർ.ടി.ആർ 160 4വി, ഹീറോ എക്‌സ്ട്രീം 160ആർ, സുസുക്കി ജിക്‌സർ എന്നിവയാകും പ്രധാന എതിരാളികൾ. 



Tags:    
News Summary - Bajaj Pulsar N160 Launched In India,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.