ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ട, ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് കാൽനൂറ്റാണ്ട് ആവുകയാണ്. കാൽനൂറ്റാണ്ടിനിടയിൽ കമ്പനി വൻ പ്രതിസന്ധിയെ നേരിടുന്ന കാലവുമാണിത്. ഹോണ്ടക്ക് ഇപ്പോൾ ആവശ്യം ഒരു രക്ഷകനെയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നിലനിൽക്കുക എന്ന മിനിമം ആവശ്യം നേടണമെങ്കിൽ ഒരു ബെസ്റ്റ് സെല്ലർ അവർക്ക് ആവശ്യമാണ്. ഈ ലക്ഷ്യത്തോടെ കമ്പനി അവതരിപ്പിച്ചിരിക്കുന്ന വാഹനമാണ് ഹോണ്ട എലവേറ്റ് എസ്.യു.വി.

എലവേറ്റിന്റെ ആഗോള അവതരണം ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റിലേക്ക് ഹോണ്ടയുടെ എല്ലാത്തരം പാരമ്പര്യവും ഉൾക്കൊള്ളിച്ചാണ് എലവേറ്റിന് കമ്പനി രൂപംകൊടുത്തിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള മിഡ്-സൈസ് എസ്.യു.വി സെഗ്മെൻ്റിലേക്ക് ഹോണ്ടയും ചുവടുവെക്കുമ്പോൾ പ്രതീക്ഷകളും ആശങ്കകളും ഒരുപോലെയുണ്ട്.


ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും എല്ലാം വാഴുന്ന വിഭാഗമാണ് മിഡ് സൈസ് എസ്.യു.വി. എലവേറ്റ് എസ്.യു.വിയിലൂടെ ഈ വിഭാഗം കൈയടക്കാൻ ഹോണ്ടക്കാകുമോ എന്നാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത്.


2017-ന് ശേഷം ഹോണ്ട ഇന്ത്യക്ക് സമ്മാനിക്കുന്ന പുതിയ കാറാണ് എലവേറ്റ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി വികസിപ്പിച്ച വാഹനമാണിത്. എലവേറ്റിനായുള്ള ബുക്കിങ് 2023 ജൂലൈയിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഈ വർഷത്തെ ഉത്സവ സീണണോടെ വില പ്രഖ്യാപനവും നടക്കും. ജാപ്പനീസ് ബ്രാൻഡിന്റെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് എലവേറ്റ് നിർമിച്ചിരിക്കുന്നത്. ഹോണ്ടയുടെ സിറ്റി സെഡാൻ നിർമിച്ചിരിക്കുന്നതും ഇതേ പ്ലാറ്റ്ഫോമിലാണ്.


ഡിസൈൻ

ഹോണ്ട എസ്.യു.വികളായ HR-V, ZR-V, CR-V എന്നിവയോട് സാമ്യമുള്ള രിതിയിലാണ് എലവേറ്റ് നിർമിച്ചിരിക്കുന്നത്. 4,312 മില്ലീമീറ്റർ നീളവും 1,650 മില്ലീമീറ്റർ ഉയരവും 2,650 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഇത് പ്രധാന എതിരാളിയായ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് സമാനമാണ്. 458 ലിറ്ററിന്റെ ബൂട്ട് സ്പേസ് ആണ് ഹോണ്ട തങ്ങളുടെ പുത്തൻ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ക്രെറ്റയേക്കാൾ കൂടുതലാണ്.


മെഷ് ഇൻസേർട്ടും കട്ടിയുള്ള ക്രോം സ്ലേറ്റും ഉള്ള പരിചിതമായ ഗ്രിൽ, കറുത്ത് മിനുസമാർന്ന എയർ ഡാം, എൽ.ഇ.ഡി ഡിആർഎല്ലുകൾ, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫോക്സ് സ്കിഡ് പ്ലേറ്റുകൾ എന്നിവയാണ് മുൻവശത്തെ ആകർഷകമാക്കുന്നത്. ബ്ലാക്ക് ഫിനിഷുള്ള മൾട്ടി സ്‌പോക് അലോയ് വീലുകൾ വശക്കാഴ്ച്ചയെ ആകർഷകമാക്കുന്നു. ഷാർക്ക് ഫിൻ ആന്റിന, ടു പീസ് എൽ.ഇ.ഡി ടെയിൽ‌ലാമ്പുകൾ, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകൾ, റിയർ വൈപ്പർ, വാഷർ, ടെയിൽഗേറ്റ് മൗണ്ടഡ് നമ്പർ പേറ്റ് ഹോൾഡർ എന്നിവയുമായാണ് എലവേറ്റ് വരുന്നത്.


ഇന്റീരിയർ

ഇന്റീരിയറിൽ പ്രീമിയം ഫീൽ നൽകുന്ന രീതിയിലാണ് ഹോണ്ട എലവേറ്റ് വിപണിയിലേക്ക് എത്തുന്നത്. ഡാഷ്‌ബോർഡിന്റെ മധ്യത്തിലായി ഇടംപിടിച്ച ഫ്രീ-സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജ്, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ പോലുള്ള എല്ലാത്തരം ടെക്കുകളും മോഡലിനുണ്ട്.


സുരക്ഷ

എലവേറ്റിന് ഹോണ്ട സെൻസിങ് എന്ന് വിളിക്കുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ലഭിക്കുന്നുണ്ട്. ഇതിൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളാണ് ജാപ്പനീസ് ബ്രാൻഡ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംജി ആസ്റ്റർ, വരാനിരിക്കുന്ന സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനും ഡ്രൈവർ അസിസ്റ്റൻസ് ടെക്‌നോളജി ലഭിക്കും.


എഞ്ചിൻ

തുടക്കത്തിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായി മാത്രമായിരിക്കും ഈ മിഡ്-സൈസ് എസ്‌.യു.വി വാങ്ങാനാവുക. ഹൈബ്രിഡ് എഞ്ചിൻ പിന്നീട് അവതരിപ്പിക്കുമെന്നാണ് സൂചന. മൂന്ന് വർഷത്തിനുള്ളിൽ എലവേറ്റിന് ഇലക്ട്രിക് പവർ ട്രെയിൻ ലഭിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്.


121 bhp പവറിൽ 145 Nm ടോർക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ കരുത്തനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ആണ് ട്രാൻസ്‌മിഷനായി ഒരുക്കിയിരിക്കുന്നത്. ക്രെറ്റ, സെൽറ്റോസ്, ടൈഗൂൺ, കുഷാഖ്, ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂസർ ഹൈറൈഡർ, എംജി ആസ്റ്റർ, സിട്രൺ C3 എയർക്രോസ് എന്നിങ്ങനെ എതിരാളികളുടെ നീണ്ട നിരയാണ് എലവേറ്റിനെ കാത്തിരിക്കുന്നത്.

Tags:    
News Summary - Another SU from Japan; Honda Elevate images can be seen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.