പാഴ്വസ്തുക്കൾ കൊണ്ട് വാഹനമുണ്ടാക്കി യുവാവ്; പകരം പുത്തൻ ബൊലേറോ നൽകി ആനന്ദ് മഹീന്ദ്ര

മുംബൈ: കഴിഞ്ഞ ഡിസംബറിലാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമ്മിച്ച മഹാരാഷ്ട്ര സ്വദേശിയായ യുവാവിന്‍റെ വിഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തന്‍റെ ട്വിറ്ററിൽ ഷെയർ ചെയ്യുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറാണ് വാഹനത്തിന്‍റെ നിർമാതാവ്. നിയമ വ്യവസ്ഥകളൊന്നും വാഹനം പാലിക്കുന്നില്ലെങ്കിലും വാഹനമുണ്ടാക്കാനെടുത്ത യുവാവിന്‍റെ അധ്വാനത്തേയും, സർഗ്ഗശക്തിയേയും അഭിനന്ദിക്കാതിരിക്കാനാകില്ലെന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ ഷെയർ ചെയ്തത്. ഇതോടൊപ്പം ലോഹർ നിർമ്മിച്ച വാഹനം ഏറ്റെടുത്ത് പകരം പുതിയ ബൊലേറോ സമ്മാനിക്കുമെന്ന ആനന്ദ് മഹീന്ദ്രയുടെ വാഗ്ദാനം ചെയ്​തിരുന്നു. ആനന്ദ്​ മഹീന്ദ്രയുടെ വാഗ്​ദാനം അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏതായാലും ഒരു മാസത്തിനിപ്പുറം തന്‍റെ വാക്കു പാലിച്ചിരിക്കുകയാണ് ഓട്ടോമൊബൈൽ ഭീമനായ ആനന്ദ് മഹീന്ദ്ര.

ദത്താത്രേയക്ക്​ പുതിയ ബൊലേറോ കൈമാറുന്നതിന്‍റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ആനന്ദ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്വന്തമായി നിർമ്മിച്ച കാറിലാണ് ലോഹറും കുടുംബവും കാർ സ്വീകരിക്കാനെത്തിയത്. അദ്ദേഹത്തിന്‍റെ സൃഷ്ടി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും എല്ലാതരം വാഹനങ്ങളും സൂക്ഷിക്കുന്ന മഹീ​ന്ദ്രയുടെ ശേഖരത്തിൽ ലോഹറിന്‍റെ വാഹനവും ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദത്താത്രേയ മകനുവേണ്ടിയാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് വാഹനം നിർമ്മിച്ചത്. യൂട്യൂബിന്‍റെ സഹായത്തോടെ 60,000 രൂപ മുതൽ മുടക്കിലായിരുന്നു നിർമ്മാണം. ഇരുമ്പ് പൈപ്പുകളും, തകിടും ഉൾപ്പെടെ പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് വാഹനം പൂർത്തിയാക്കിയത്​. ഇരുചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്ന കിക്ക് സ്റ്റാർട്ട് സംവിധാനമുപയോഗിച്ചാണ് വാഹനം സ്റ്റാർട്ടാക്കുക.

നൂതനമായ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനന്ദ് മഹീന്ദ്ര മുമ്പ് സമാനമായ രീതിയിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ട്രക്കിന്‍റെ വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു.




Tags:    
News Summary - Anand Mahindra gives brand-new Bolero to Maharashtra man in exchange for his innovative 4-wheeler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.