അഗ്നിവീർ കോർപ്പറേറ്റ് മേഖലക്ക് യോജിച്ച പ്രഫഷണലുകൾ; അവസരം നൽകാൻ തയാറെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: അഗ്നിവീരർക്ക് വ്യവസായ മേഖലകളിൽ ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര രംഗത്ത്. കേന്ദ്രസർക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് അഗ്നിവീരരുടെ ഗുണങ്ങൾ വ്യവസായ മേഖലക്ക് ഉപകരിക്കുമെന്ന് ഓർമിപ്പിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

അഗ്നിപഥിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ആനന്ദ്, അഗ്നിവീരരുടെ അച്ചടക്കവും കഴിവുകളും അവർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെന്നും പറഞ്ഞു. അഗ്നിപഥിൽ പരിശീലനം ലഭിച്ചവർക്ക് അവസരം നൽകാൻ മഹീന്ദ്ര ഗ്രൂപ്പിന് താത്പര്യമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏത് സ്ഥാനത്തേക്കാണ് മഹീന്ദ്ര അഗ്നിവീരരെ റിക്രൂട്ട് ചെയ്യുക എന്ന ഉദ്യോഗാർഥിയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.

അഗ്നിവീരർക്ക് കോർപ്പറേറ്റ് മേഖലയിൽ വലിയ തൊഴിൽ സാധ്യതയാണുള്ളത്. നേതൃഗുണം, ടീം വർക്ക്, ശാരീരിക പരിശീലനങ്ങൾ എന്നിവ ലഭ്യമായ അഗ്നിവീരർ വ്യവസായ സ്ഥാപനങ്ങൾക്ക് ഉടൻ മാർക്കറ്റിലിറക്കാൻ പറ്റുന്ന പ്രഫഷണൽ ആണ്. വ്യവസായത്തിന്റെ ഭരണപരമായ കാര്യങ്ങൾ മുതൽ വിതരണ ശൃംഖലവരെ എല്ലാ മേഖലകളിലേക്കും ഉൾക്കൊള്ളിക്കാവുന്ന ഗുണങ്ങൾ ഇവർക്കുണ്ട് എന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നൽകിയത്.

ജൂൺ 14നാണ് കേ​ന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. നാലു വർഷത്തെ ​സൈനിക സേവനമാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇതുവഴി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 75 ശതമാനം പേരും നാലു വർഷത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച് പുറത്തിറങ്ങണം. 17.5 മുതൽ 21 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത.

എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കാതിരുന്ന സൈനിക റിക്രൂട്ട്മെന്റിനു വേണ്ടി കാത്തിരുന്ന ഉദ്യോഗാർഥികളുടെ രോഷത്തിനാണ് പുതിയ പദ്ധതി തിരികൊളുത്തിയത്. ജോലി സ്ഥിരതയില്ലാത്തതും പ്രായകുറവും ഉദ്യോഗാർഥികളെ രോഷാകുലരാക്കി. രോഷം ശമിപ്പിക്കാൻ പല ഇളവുകളും പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗാർഥികളെ അടക്കാൻ കേന്ദ്രസർക്കാറിനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്.

Tags:    
News Summary - Agniveer suitable for corporate sector; ready to give opportunity Says Anand Mahindra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.