വർക്​ഷോപ്പിൽ തീപിടിത്തം, കത്തിനശിച്ചത്​ 10 കോടി വിലവരുന്ന ബി.എം.ഡബ്ല്യൂകൾ -വീഡിയോ

വർക്​ഷോപ്പിന്​ തീപിടിച്ചതിനെ തുടർന്ന്​ കത്തിനശിച്ചത്​ 10 കോടിയോളം വിലവരുന്ന കാറുകൾ. നവി മുംബൈയിലെ തുർബെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബി.എം.ഡബ്ലൂവി​െൻറ സർവീസ് സെൻററിലാണ്​ തീപിടിത്തം ഉണ്ടായത്​. 45 ബിഎംഡബ്ല്യു കാറുകളെങ്കിലും കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല. സർവീസ് സെന്ററി​െൻറ ഗോഡൗണിലും തീപിടിത്തമുണ്ടായി.

ചൊവ്വാഴ്​ച പുലർച്ചെയാണ് നാലുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഏഴ് മണിക്കൂർകൊണ്ടാണ്​ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയത്. നവി മുംബൈ ഫയർ ഡിപ്പാർട്ട്‌മെന്റ് അവരുടെ സമൂഹമാധ്യമ അകൗണ്ടുകളിൽ തീപിടിത്ത വീഡിയോ പങ്കുവച്ചിട്ടുണ്ട്​. 32 കാറുകൾ പൂർണമായും 13 മുതൽ 18 വരെ കാറുകൾ ഭാഗികമായും നശിച്ചതായാണ് റിപ്പോർട്ട്. നാശനഷ്ടം വിലയിരുത്താൻ ബിഎംഡബ്ല്യു ഉദ്യോഗസ്ഥർ ഓഡിറ്റ് നടത്തും. കെട്ടിടത്തിൽ ഉപയോഗിച്ചതും പുതിയതുമായ കാറുകൾ ഉണ്ടായിരുന്നു.


അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്​തമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. 'വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഇവയിൽ എത്ര കാറുകൾ പുതിയതോ ഉപയോഗിച്ചതോ ആണെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ഇപ്പോഴും നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്'-അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്നിശമന സംവിധാനത്തോടെയാണ് കെട്ടിടം നിർമിച്ചതെങ്കിലും അത് ഓട്ടോമാറ്റിക് മോഡിൽ അല്ലായിരുന്നതിനാൽ പ്രവർത്തിച്ചില്ല. ബാറ്ററിയും പ്രവർത്തന രഹിതമായിരുന്നു. അഗ്നിശമന സംവിധാനം പ്രവർത്തിക്കുന്നതെങ്കിൽ ഇത്രയും വലിയ തോതിൽ തീ പടരില്ലായിരുന്നു എന്നാണ്​ വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്​ പ്രാഥമിക വിലയിരുത്തൽ.

'കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നാം നിലയിൽ തീ പടരുന്നത് കണ്ട് ഞങ്ങളെ അറിയിച്ചു. വാഷി, കോപാർഖൈറനെ, തുർബെ, എംഐഡിസി എന്നിവിടങ്ങളിൽ നിന്ന് പത്ത് ഫയർ ടെൻഡറുകളാണ് തീ അണയ്ക്കാൻ അയച്ചത്. 32 കാറുകൾ പൂർണമായും നശിച്ചു. നിരവധി കാറുകൾക്ക്​ ഭാഗികമായി കേടുപാടുകൾ സംഭവിച്ചു'-എംഐഡിസിയിലെ ഫയർ ഓഫീസർ പറഞ്ഞു.

Full View

കാറുകളിലെ തീപിടിത്തം ഒഴിവാക്കാം

കാറിനുള്ളിൽ ഇരുന്ന്​ പുകവലിക്കുന്നത് വളരെ അപകടകരമായ ശീലമാണ്​. തീപ്പൊരികൾ ക്യാബിന് ചുറ്റും പറന്ന് അപ്ഹോൾസറി അല്ലെങ്കിൽ ഏതെങ്കിലും ഫാബ്രിക്കുകൾ എന്നിവക്ക് തീപിടിക്കാം​. കൂടാതെ, സാനിറ്റൈസറും അപകട കാരണമാകും. ഒരു തീപ്പൊരി വീണാൽതന്നെ സാനിറ്റൈസർ കത്താൻ തുടങ്ങും. പുകവലിക്കാരനായ ഒരാൾ സാനിറ്റൈസർ ഉപയോഗിച്ചതിനെ തുടർന്ന്​ തീപിടിത്തം ഉണ്ടായ സംഭവം അമേരിക്കയിൽ അടുത്തിടെ റിപ്പോർട്ട്​ ചെയ്​തിരുന്നു.

പലപ്പോഴും ആളുകൾ മാർക്കറ്റിൽ നിന്ന്​ ലഭിക്കുന്ന കുറഞ്ഞ നിലവാരമുള്ള ആക്​സസറികൾ വാങ്ങുകയും അത് ഫിറ്റ്​ ചെയ്യുന്നതിന് വാഹനത്തിലെ ഇലക്​ട്രിക്​ വയറുകൾ മുറിക്കുകയും മറ്റും ചെയ്യും. പലപ്പോഴും അവ വൈദ്യുത ടേപ്പ് ഉപയോഗിച്ച് ശരിയായി മറയ്ക്കില്ല. വയർ തമ്മിലുള്ള ബന്ധം അയഞ്ഞതാണെങ്കിൽ, അത് തീപ്പൊരിയും ഒടുവിൽ തീയും ഉണ്ടാക്കും. ഒരു അയഞ്ഞ വൈദ്യുത ബന്ധം വയർ വളരെ വേഗത്തിൽ ചൂടാകുന്നതിന് കാരണമാകുന്നു. തുടർന്ന് വയർ തന്നെ കത്താൻ തുടങ്ങും.

കാറുകളിൽ കാണുന്ന ഡിയോഡറന്റോ അണുനാശിനിയോ ഒക്കെ മർദ്ദമുള്ള പാത്രങ്ങളിലാണ്​ സൂക്ഷിക്കുന്നത്​. ഇത്തരം വസ്​തുക്കൾ സൂര്യപ്രകാശത്തിൽ അധികനേരം സൂക്ഷിച്ചാൽ പൊട്ടിത്തെറിക്കും. കൂടാതെ, ഒരു തരത്തിലുള്ള ഇന്ധനവും കാറിൽ സൂക്ഷിക്കാതിരിക്കാനും എപ്പോഴും ശ്രദ്ധിക്കണം.

Tags:    
News Summary - 50 BMW cars worth over 10 crores burn down in Mumbai workshop [Video]

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.