രണ്ടാം വരവറിയിച്ച് ബ്രെസ; പ്രീബുക്കിങ് 4500 പിന്നിട്ടു

മാരുതി സുസുക്കിയുടെ ചെറു എസ്‌.യു.വി ബ്രെസ 2022 ന്‍റെ പ്രീബുക്കിങ് 4500 പിന്നിട്ടു. മുഖം മിനുക്കിയെത്തുന്ന ബ്രെസയുടെ ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 4500 പേർ കാർ ബുക്ക് ചെയ്തെന്ന് സുസുക്കി ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ സ്ഥിരീകരിച്ചു. പുതിയ സുരക്ഷാ സംവിധാനങ്ങൾ, ന്യൂതനമായ ക്യാബിൻ സവിശേഷതകൾ, പരിഷ്കരിച്ച മുൻ, പിൻഭാഗങ്ങൾ എന്നിവയോടെയാണ് ബ്രെസയുടെ വരവ്.

2016ൽ അവതരിപ്പിച്ച ബ്രെസ ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റായി മാറിയിരുന്നു. പിന്നീട് രാജ്യത്ത് ചെറു എസ്‌.യു.വികളുടെ പുതിയ ട്രെൻഡ് തന്നെ വന്നു. ആറ് വർഷത്തിനുള്ളിൽ 7.5 ലക്ഷത്തിലധികം യൂനിറ്റുകളാണ് വിറ്റഴിച്ചത്. എന്നാൽ, പുത്തൻ ബ്രെസയിൽ വിറ്റാര എന്ന പേര് ഒഴിവാക്കപ്പെടും. ജൂൺ 30ന് ബ്രെസ 2022 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


എക്സ് എൽ 6 എം.പി.വിയിലെ അതേ കെ.15 ബി സീരീസ് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കും ബ്രെസയിലും ഉണ്ടാവുക. 5-സ്പീഡ് മാനുവലിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും തന്നയാവും ബ്രെസയും എത്തുക. എന്നാൽ, ബ്രെസക്കായി എഞ്ചിൻ അൽപ്പം വ്യത്യസ്തമായി ട്യൂൺ ചെയ്തേക്കാം. നാല് വേരിയന്റുകളിലാവും പുത്തൻ ബ്രെസ എത്തുക. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സ്വന്തമാക്കിയ കാറാണ് ബ്രെസ. പുതിയ മോഡലിലും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിലാണ് ബ്രെസയുടെ നിർമ്മാണം.


ഇലക്ട്രിക് സൺറൂഫ്, പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ, ആറ് സ്പീക്കറുകൾ, ആപ്പിൾ കാർപ്ലെ, ആൻ‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, പുതിയ എൽ.ഇ.ഡി ഡി.ആർ.എല്ലുകളോടുകൂടിയ ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, ഇ.എസ്.പി, ഹിൽ ഹോൾഡ് അസിസ്റ്റ്, സിൽവർ ആക്സന്റ് റൂഫ് റെയിലുകൾ, ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, പുതിയ ഫ്രണ്ട് ഗ്രിൽ, ഫോക്സ് സ്കിഡ് പ്ലേറ്റുകളുള്ള പുതിയ മുൻഭാഗം, പുത്തൻ റിയർ ബമ്പറുകൾ, പാഡിൽ ഷിഫ്റ്റ്, വയർലെസ് ചാർജിങ് എന്നിങ്ങനെ നീളുന്നു ബ്രെസ 2022 ന്‍റെ സവിശേഷതകൾ. ഫൈൻഡ് യുവർ കാർ, റിയൽ ടൈം ട്രാക്കിങ്, ജിയോ ഫെൻസിങ് തുടങ്ങിയ സാങ്കേതിക വിദ്യകളും പുതിയ ബ്രെസയിലുണ്ടാകും.


7.84 ലക്ഷം മുതൽ 11.49 ലക്ഷം ( ഡൽഹി എക്സ്-ഷോറൂം) രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പ്രതിമാസം 10000 യൂനിറ്റുകൾ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ബുക്ക് ചെയ്താൽ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷമാവും വാഹനം ലഭിക്കുക. 11000 രൂപ നൽകി ഏതെങ്കിലും മാരുതി അരീന ഷോറൂമിലോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. ഹ്യുണ്ടായ് വെന്യൂ, കിയ സോനെറ്റ്, ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്.യു.വി 300 എന്നിവയാണ് പ്രധാന എതിരാളികൾ.

Tags:    
News Summary - 4500 Units of Maruti Suzuki Brezza Booked on Day One itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.