അർബുദ രോഗികളുടെ അതിജീവനസാധ്യത മുഖം നോക്കി പറയും
ഒരാളുടെ മുഖത്തിന്റെ ഫോട്ടോ പരിശോധിച്ച് അയാളുടെ ശരീരത്തിന്റെ ജൈവിക പ്രായം കണക്കാക്കാനും അർബുദ രോഗികളുടെ അതിജീവനസാധ്യത പ്രവചിക്കാനും നിർമിതബുദ്ധിക്ക് (എ.ഐ) കഴിയുമെന്ന് പുതിയ പഠനം. അമേരിക്കയിലെ ഹാർവഡ് മെഡിക്കൽ സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ ഗവേഷണ സ്ഥാപനമായ മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകരാണ് ശ്രദ്ധേയമായ കണ്ടെത്തലിന് പിന്നിൽ. നാലുകോടിയിലധികം മുഖചിത്രങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച ‘FAHR-Face’ എന്ന എ.ഐ സംവിധാനമാണ് ഗവേഷകർ വികസിപ്പിച്ചത്. മുഖത്തെ പ്രായാധിക്യത്തിന്റെ സൂചനകളും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകളും വിശകലനം ചെയ്ത് രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.
FAHR-Face Age, FAHR-Face Survival എന്നീ രണ്ട് സംവിധാനങ്ങളാണ് ഗവേഷകർ വികസിപ്പിച്ചത്. ആദ്യത്തേത് മുഖചിത്രം അടിസ്ഥാനമാക്കി ജൈവിക പ്രായം കണക്കാക്കുമ്പോൾ രണ്ടാമത്തേത് കാൻസർ രോഗികളുടെ അതിജീവനസാധ്യതയുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്തുന്നു. അമേരിക്കയിൽ റേഡിയേഷൻ ചികിത്സക്ക് വിധേയരായ 38,000ത്തിലധികം കാൻസർ രോഗികളുടെ വിവരങ്ങൾ ഗവേഷകർ പരിശോധിച്ചു. യഥാർഥ പ്രായത്തേക്കാൾ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ജൈവിക പ്രായം കൂടുതലായി എ.ഐ കണക്കാക്കിയ രോഗികളിൽ മരണസാധ്യത 21 ശതമാനം അധികമാണെന്ന് കണ്ടെത്തി. അതേസമയം, യഥാർഥ പ്രായത്തേക്കാൾ കുറഞ്ഞത് അഞ്ചുവർഷം ജൈവിക പ്രായം കുറവായി കണക്കാക്കിയവരിൽ മരണസാധ്യത 17 ശതമാനം കുറവായിരുന്നു. ശരാശരി നാലുവർഷത്തെ തുടർനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. രോഗികളുടെ ശാരീരികാരോഗ്യവും അതിജീവനസാധ്യതയും വിലയിരുത്തുന്നതിൽ മുഖത്തെ പ്രായാധിക്യത്തിന്റെ സൂചനകൾക്ക് പ്രാധാന്യമുണ്ടാകാമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഏകദേശം 4,000 രോഗികളുടെ വിവരങ്ങൾ ഉപയോഗിച്ച് FAHR-Face Survival സംവിധാനത്തിന്റെ പ്രവർത്തനവും ഗവേഷകർ പരിശോധിച്ചു. പൂജ്യം മുതൽ ഒന്നുവരെയുള്ള സ്കോറാണ് സംവിധാനം രോഗികൾക്ക് നൽകിയത്. ഉയർന്ന സ്കോർ കൂടുതൽ അപകടസാധ്യതയെ സൂചിപ്പിക്കുന്നു. 0.9 മുതൽ 1 വരെ സ്കോർ ലഭിച്ച 122 രോഗികളിൽ 64 പേർ, 90 ദിവസത്തിനുള്ളിൽ മരിച്ചു. എന്നാൽ, പൂജ്യം മുതൽ 0.1 വരെ സ്കോർ ലഭിച്ച 975 രോഗികളിൽ 20 പേർക്ക് മാത്രമാണ് ഇതേ കാലയളവിൽ ജീവൻ നഷ്ടമായത്. ഇത് ഏകദേശം രണ്ട് ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.