കണ്ണിന് മുകളിൽ പല്ല് വളരുന്നു; തമിഴ്നാട്ടിൽ 16കാരന് അപൂർവ രോഗാവസ്ഥ
മധുരൈ : കണ്ണിന് മുകളിൽ പല്ല് വളരുന്ന അപൂർവ ശാരീരികാവസ്ഥയുമായി തമിഴ്നാട്ടിലെ 16കാരൻ. ഇടത് കണ്ണിന് മുകളിലുണ്ടായ വീക്കത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പല്ലിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തു. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അപൂർവ സംഭവമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കണ്ണിന്റെ മുകളിലെ കൺപോളയിൽ ഒരു മാസത്തോളം വീക്കമുണ്ടായതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയത്. പിന്നീട് കൺപോളക്കും പുരികത്തിനും ഇടയിലുള്ള ഭാഗത്ത് വെളുത്ത നിറത്തിലുള്ള, കട്ടിയുള്ള രണ്ട് മുളകൾ പുറത്തേക്ക് തള്ളിവരുന്നതായി കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലും സി.ടി സ്കാനിലുമാണ് കണ്ണിന്റെ കുഴിയുടെ മുകൾഭാഗത്ത് പല്ലിന്റെ ആകൃതിയിലുള്ള ഘടന കണ്ടെത്തിയത്.
സാധാരണയായി വായിൽ വളരേണ്ട പല്ല് മറ്റൊരു ഭാഗത്ത് വളരുന്ന അവസ്ഥയെ ‘എക്ടോപിക് ടൂത്ത്’ (Ectopic Tooth) എന്നാണ് വിളിക്കുന്നത്. മൂക്കിനുള്ളിലും വായുടെ മേൽത്തട്ടിലും ഉൾപ്പെടെ അസാധാരണ ഭാഗങ്ങളിൽ പല്ലുകൾ വളരുന്ന സംഭവങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കണ്ണിന്റെ കുഴിയുടെ മുകൾഭാഗത്ത് പല്ല് കണ്ടെത്തുന്നത് ആദ്യമായാണ്. മധുരൈയിലെ അരവിന്ദ് ഐ ഹോസ്പിറ്റലിലാണ് ഇയാൾക്ക് ചികിത്സ നൽകിയത്. പരിശോധനയിൽ ഇത് പൂർണമായി വളർന്ന ഒരു പല്ലാണെന്നും ട്യൂമറുമായി ബന്ധപ്പെട്ട അസാധാരണ കോശങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതീകരിച്ചു. തലയോട്ടിയുടെ മറ്റുഭാഗങ്ങളിലൊന്നും അധിക പല്ലുകൾ വളർന്നതായി കണ്ടെത്തിയിട്ടില്ല.
കണ്ണിന്റെ മുകളിൽ ഇത്തരത്തിൽ പല്ല് വളരാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ജനിതക പ്രശ്നങ്ങൾ, ശരീരവളർച്ചയിലെ അസാധാരണതകൾ, പരിക്കുകൾ തുടങ്ങിയവ ചില സന്ദർഭങ്ങളിൽ പല്ലുകൾ തെറ്റായ സ്ഥലത്ത് വളരാൻ കാരണമാകാമെങ്കിലും ഇയാളുടെ കാര്യത്തിൽ അത്തരത്തിലുള്ള കാരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.