കുട്ടികളിലെ വിളര്‍ച്ചയകറ്റാന്‍ വിരബാധ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.

കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഒന്നു വയസു മുതല്‍ രണ്ട് വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം)യും രണ്ടു മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം.

മൂന്നു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ ജനുവരി 24ന് ഗുളിക കഴിക്കേണ്ടതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിരകള്‍

മനുഷ്യ ശരീരത്തില്‍ സാധാരണ കാണുന്ന വിരകള്‍ ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കപ്പുഴു ( ഹുക്ക് വേം) , കൃമി (പിന്‍ വേം), നാട വിര (ടേപ്പ് വേം) , ചാട്ട വിര (വിപ് വേം) തുടങ്ങിയവയാണ്.


വിരബാധ ലക്ഷണങ്ങള്‍

വിരബാധ ഒരാളില്‍ വിളര്‍ച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാക്കും.

വിരബാധയുടെ ലക്ഷണങ്ങള്‍

മലദ്വാരത്തില്‍ ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തില്‍ രക്തം കാണുക എന്നിവയാണ് വിരബാധയുടെ രോഗലക്ഷണങ്ങള്‍


വിരബാധ പകരുന്നതെങ്ങനെ?

നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.

വിരബാധ എങ്ങനെ തടയാം?

· ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

· ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക

· മനുഷരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക

· മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക

· കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക

· വീടിന് പുറത്ത് പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക

· ഭക്ഷണം അടച്ച് സൂക്ഷിക്കുക.

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

· തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം പാടില്ല

· ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡ സോള്‍ ഗുളിക കഴിക്കുക

Tags:    
News Summary - Veena George should avoid worm infection to get rid of anemia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.