മഞ്ചേരി മെഡിക്കല്‍ കോളജിന് 10 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എം.ആ.ര്‍ഐ മെഷീന്‍ യാഥാർഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

ത്വക് രോഗ വിഭാഗത്തില്‍ ലേസര്‍ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ലേസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഗ്ലൂക്കോമ ക്ലിനിക്കില്‍ 32 ലക്ഷം രൂപയുടെ യാഗ് ലേസര്‍, ഇ.എൻ.ടി വിഭാഗത്തില്‍ 60.20 ലക്ഷം രൂപയുടെ ഹൈ എന്‍ഡ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇ.എ.ന്‍ടി ഇമേജിംഗ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തില്‍ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ആട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസര്‍ എന്നിവയ്ക്കായും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കാവശ്യമായ ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍, ലാബുകള്‍ക്കാവശ്യമായ റീയേജന്റ്, കെമിക്കലുകള്‍, എല്‍.എസ്.സി.എസ്. കിറ്റ്, ഡിസ്‌പോസിബിള്‍ വെന്റിലേറ്റര്‍ ട്യൂബിംഗ്, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മള്‍ട്ടിപാര മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, ബൈനാകുലര്‍ മൈക്രോസ്‌കോപ്പ്, സര്‍ജിക്കല്‍ എന്‍ഡോ ട്രെയിനര്‍, ആര്‍ത്രോസ്‌കോപ്പി ടെലസ്‌കോപ്പ്, ഓട്ടോലെന്‍സോ മീറ്റര്‍, പീഡിയാട്രിക് എന്‍ഡോസ്‌കോപ്പ്, ഡിജിറ്റല്‍ വീന്‍ ഫൈന്‍ഡര്‍ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു. കാന്റീന്‍ വിപുലീകരണം, അക്കാഡമിക് ബ്ലോക്കിലെ ടോയിലറ്റ് നവീകരണം, വാട്ടര്‍ സപ്ലൈ അറേഞ്ചുമെന്റ്, ഇന്‍ഫ്‌ളുവെന്റ് ട്രീറ്റ്പ്ലാന്റ് തുടങ്ങിയവയ്ക്കായി 1.66 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നതിന് ഈ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കി. ഒഫ്ത്താല്‍മോളജി, ഇ.എൻ.ടി, ഡെര്‍മറ്റോളജി (ത്വക് രോഗ വിഭാഗം) എന്നിവയില്‍ എം.ഡി കോഴ്‌സുകള്‍ ആരംഭിക്കാനായെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Veena George said that Mancheri Medical College has been granted Rs 10 crore administrative permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.