ന്യൂഡൽഹി: ലോകമെമ്പാടും പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ഇന്ത്യ സജ്ജമാെണന്ന് കേന്ദ്ര സർക്കാർ. അടുത്ത രണ്ടുമാസത്തിനുള്ളിൽ വാക്സിൻ നിർമാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ ഓക്സിജനും മരുന്നും കരുതലുണ്ടെന്നും സംസ്ഥാനങ്ങൾക്ക് 48,000 വെന്റിേലറ്ററുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 161 ആയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പ്രതികരണം.
ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. നെതർലന്റ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
രാജ്യത്ത് അർഹരതായ 88 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും 58 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഡൽഹിയിലെ കൊറോണ വൈറസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സംവിധാനം ഒരുക്കണമെന്ന് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന മുന്നറിയിപ്പുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) മേധാവി രൺദീപ് ഗുലേറിയ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തിനും തയാറായിരിക്കണം. ബ്രിട്ടനിലേതുപോലെ കാര്യങ്ങൾ മോശമാകില്ലെന്ന് പ്രതീക്ഷിക്കാം. എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരശേഖരണം നടത്തണം. മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.