തദ്ദേശീയ പഴവർഗങ്ങൾ കഴിക്കുന്നത് പ്രോത്സാഹിപ്പിച്ച് സൗദി കൃഷി പരിസ്ഥിതി മന്ത്രാലയം

ബുറൈദ: രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ രാജ്യനിവാസികൾക്കിടയിൽ അവബോധം വളർത്തുന്നതിനായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. 'ജാഅ വഖ്തഹാ' (ഇതാണ് സമയം) എന്ന ശീർഷകത്തിലാണ് കാമ്പയിനെന്ന് മന്ത്രാലയ വക്താവ് സാലിഹ് ബിൻ ദഖീൽ വെളിപ്പെടുത്തി. രാജ്യത്തിന്റെ കാർഷിക മേഖലക്ക് ഉണർവ് നൽകുന്നതോടൊപ്പം പോഷകസമൃദ്ധമായ ഫല വർഗങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത കാലാവസ്‌ഥകളിൽ വിളയിച്ചെടുക്കുന്ന വൈവിധ്യമാർന്ന പഴങ്ങളുടെ വിപണി സാധ്യതകളും ഇതുമൂലം വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവക്ക് മുൻഗണന നൽകിയുള്ള വിപണന രീതിയാണ് രാജ്യം പിന്തുടരുന്നത്.


പോയ വർഷം ലോകഭക്ഷ്യ ഗുണനിലവാരസൂചിക പ്രകാരം സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്. കോവിഡ് കാലത്തെ ഭക്ഷ്യലഭ്യത സുഗമമായി നിലനിർത്തിയ 113 രാജ്യങ്ങളിൽ സൗദി എട്ടാം സ്ഥാനത്താണെന്നും പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതനിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യ പരിപാലനത്തിന് പ്രാധാന്യം നൽകുക, രാജ്യത്ത് സമൃദ്ധമായ പുനഃരുപയോഗ സാധ്യതയുള്ള പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കൂട്ടുക എന്നിവ ലക്ഷ്യമിടുന്ന 'വിഷൻ 2030'ന്റെ നിർദേശങ്ങൾക്കനുസൃതമായാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് ബിൻ ദഖീൽ പറഞ്ഞു.


വിഷന്റെ ഭാഗമായി സ്വയംപര്യാപ്തതയുടെ തോത് ഉയർത്തുന്നതിനും പ്രാദേശിക വിപണികളിൽ ആഭ്യന്തര ചരക്കുകളും പ്രധാന വിളകളും ലഭ്യമാക്കുന്നതിനും ഉതകുന്ന ദേശീയ കാർഷികനയമാണ് മന്ത്രാലയം നടപ്പാക്കുന്നത്. ഇതുമൂലം പാരമ്പര്യ ഉൽപന്നമായ ഈത്തപ്പഴം ഒഴികെയുള്ള പ്രാദേശിക ഫലവർഗ ഉൽപാദനത്തിന്റെ തോത് കഴിഞ്ഞ വർഷം 900 ടണ്ണായി ഉയർന്നു. പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് കൂടി കാമ്പയിൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.


സൗദി അറേബ്യയിൽ ഉത്പാദിപ്പിക്കുന്ന പലതരം പഴങ്ങളിൽ ആഭ്യന്തര ഉപയോഗം കഴിഞ്ഞുള്ളവ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈത്തപ്പഴം ഉൾപ്പെടെയുള്ള ഫലവർഗങ്ങളുടെ ആഭ്യന്തര ഉത്പാദനം ഏകദേശം 25 ലക്ഷം ടൺ ആണ്. അത്തിപ്പഴ ഉത്പാദനം ആഭ്യന്തര ഉപയോഗത്തിന്റെ 107 ശതമാനം വരെയാണെങ്കിൽ തണ്ണിമത്തൻ 99 ശതമാനവും മുന്തിരി 60 ശതമാനവും മാതളനാരകം 34 ശതമാനവും ഓറഞ്ച് 15 ശതമാനവും ഉൽപാദിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Saudi Ministry of Agriculture and Environment promoting the consumption of indigenous fruits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.