പ്രതീകാത്മക ചിത്രം

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമത്തിന് ദിവസവും ഈ പാനീയങ്ങൾ ശീലമാക്കൂ...

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമത്തിന് മികച്ച ഫേസ് വാഷോ ക്രീമോ അല്ല, ശരിയായ പോഷകാഹാരമാണ് പ്രധാനം. ചർമത്തിന്റെ ഈർപ്പം നിലനിർത്താനും, ഇലാസ്തികത കാത്തുസൂക്ഷിക്കാനും, എന്നും യുവത്വം നിലനിർത്താനും പോഷകങ്ങൾക്ക് വലിയ പങ്കുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ശരിയായ മിശ്രിതം അടങ്ങിയ പാനീയങ്ങൾ ഉപയോഗിച്ച് ദിവസം തുടങ്ങുന്നത് ചർമത്തെ പോഷിപ്പിക്കാനുള്ള മികച്ച മാർഗമാണ്. പോഷകാഹാര വിദഗ്ദയായ അനുപമ മേനോൻ ആറ് പാനീയങ്ങളാണ് ചർമത്തിന്‍റെ തിളക്കത്തിനായി നിർദേശിക്കുന്നത്. മികച്ച ഫലങ്ങൾക്കായി ഈ പാനീയങ്ങളോടൊപ്പം സമീകൃതാഹാരവും സ്ഥിരമായ ചർമ സംരക്ഷണ രീതികളും പാലിക്കണമെന്നും അനുപമ നിർദേശിക്കുന്നു.

1. ചെറുചൂടുള്ള ഹെർബൽ പാനീയങ്ങൾ

സാധാരണ വെള്ളത്തിന് പകരം ഹെർബൽ പാനീയങ്ങൾ ശീലമാക്കുക. കാമമൈൽ, റോസ്ഹിപ്, അല്ലെങ്കിൽ ചെമ്പരത്തി പോലുള്ള ഹെർബൽ ടീകളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് ചർമത്തിലെ ഓക്സിഡേറ്റീവ് സമ്മർദത്തെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കുകയും തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമം നൽകുകയും ചെയ്യുന്നു.

2. കരിക്കിൻ വെള്ളം

പ്രകൃതിയുടെ ദാഹശമനിയായ കരിക്കിൻ വെള്ളം മികച്ചൊരു പാനീയമാണ്. ഇതിൽ ഇലക്ട്രോലൈറ്റുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചർമത്തിന് മൃദുത്വവും തിളക്കവും നൽകുകയും ചെയ്യുന്നു. ഇതിന്‍റെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമത്തിലെ ചുവന്ന പാടുകളും അസ്വസ്ഥതകളും കുറക്കാൻ സഹായിക്കും.

3. വെള്ളരിക്കയും പുതിനയിലയും ചേർത്ത വെള്ളം

പുതിനയിലയും വെള്ളരിക്ക കഷ്ണങ്ങളും ചേർത്ത വെള്ളം വളരെ ഉന്മേഷദായകമായ പാനീയമാണ്. വെള്ളരിക്ക ജലാംശം നൽകുന്നതോടൊപ്പം കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന സിലിക്ക അടങ്ങിയതുമാണ്. പുതിനയിലക്ക് ചർമത്തിലെ വീക്കവും അസ്വസ്ഥതകളും കുറക്കാൻ കഴിയും.

4. കാരറ്റ് ജ്യൂസ്

ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ ഒന്നാണ് കാരറ്റ് ജ്യൂസ്. ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ചർമകോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമകലകളെ നന്നാക്കുകയും അതുവഴി മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമം നൽകുകയും ചെയ്യുന്നു. കൂടാതെ, വിറ്റാമിൻ സിയും ഇയും ചർമത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5. ഗ്രീൻ സ്മൂത്തി

ചീര, ഇല കാബേജ് (കലെ) പോലുള്ള ഇലക്കറികൾ പൈനാപ്പിൾ അല്ലെങ്കിൽ കിവി പോലുള്ള പഴങ്ങളുമായി ചേർത്തുണ്ടാക്കുന്ന ഗ്രീൻ സ്മൂത്തികൾ ചർമത്തിന് ഉള്ളിൽ നിന്ന് പോഷണം നൽകുന്നു. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ ഇത് ജലാംശം നൽകാനും ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും അകാല വാർധക്യം തടയാനും സഹായിക്കുന്നു.

6. എ.ബി.സി ജ്യൂസ്

ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ ജ്യൂസ് ചർമത്തിന് തിളക്കം നൽകാൻ മികച്ചതാണ്. ഇതിൽ ഇഞ്ചിയും നാരങ്ങയും കല്ലുപ്പും കൂടി ചേർക്കുന്നത് ഗുണം വർധിപ്പിക്കും. ഈ പാനീയങ്ങൾ നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കും.


Tags:    
News Summary - Make these drinks a daily habit for healthy and glowing skin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.