പ്രോട്ടീൻ പൗഡർ ആരോഗ്യത്തിന് ഹാനികരമാണോ?

പ്രോട്ടീന്‍ സപ്ലിമെന്റുകളുടെ ഉപയോഗം ഇന്ന് ധാരാളമായി കാണുന്നുണ്ട്. യഥാര്‍ഥത്തില്‍ സാധാരണ രൂപത്തില്‍ ഭക്ഷണം കഴിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരം പ്രോട്ടീന്‍ പൗഡറുകള്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ ഇന്നും പല അഭിപ്രായങ്ങളുണ്ട്. ഇത്തരം പ്രോട്ടീന്‍ പൗഡറുകള്‍ ആര്‍ക്കൊക്കെ വേണം, ഇവയുടെ സ്ഥിരമായ ഉപയോഗം ഏതെങ്കിലും വിധത്തില്‍ ദോഷം ചെയ്യുമോ എന്ന പലവിധ സംശയങ്ങള്‍ ചോദിക്കാറുണ്ട്.

പ്രോട്ടീൻ പൗഡർ ഒരു അൾട്രാ-പ്രോസസ്ഡ് ഫുഡ് ആണ്. ഭൂരിഭാഗം ആളുകൾക്കും സാധാരണ ഭക്ഷണത്തിലൂടെ തന്നെ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ട്. പ്രോട്ടീൻ പൗഡർ പൊതുവെ മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ സുരക്ഷിതമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തീവ്രമായി വ്യായാമം ചെയ്യുകയോ ഭാരം ഉയർത്തുകയോ ചെയ്യുന്നവർക്ക് പേശീ നിർമാണത്തിന് പ്രോട്ടീൻ പൗഡർ ആവശ്യമാണ്. പ്രോട്ടീൻ പൗഡറുകൾ ഭക്ഷണത്തിന് പകരമാവില്ല. അത് ഒരു പോഷക സ്രോതസ്സ് മാത്രമാണ്.

അമിതമായി പ്രോട്ടീൻ കഴിക്കുന്നത് വൃക്കകൾക്ക് കൂടുതൽ ഭാരമുണ്ടാക്കുകയും നിലവിൽ വൃക്കരോഗമുള്ളവരിൽ ഇത് പ്രശ്നമുണ്ടാക്കുകയും ചെയ്യാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ഈ പ്രശ്നം വർധിപ്പിക്കും. ചില പ്രോട്ടീൻ പൗഡറുകളിൽ അടങ്ങിയിട്ടുള്ള ലാക്ടോസ്, കൃത്രിമ ചേരുവകൾ എന്നിവ ചിലരിൽ വയറുവീർക്കൽ, ഗ്യാസ്, ദഹനക്കേട്, വയറിലെ അസ്വസ്ഥതകൾ എന്നിവക്ക് കാരണമാവാം. പാൽ, സോയ, ഗ്ലൂറ്റൻ തുടങ്ങിയ അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ചേരുവകൾ ചില പ്രോട്ടീൻ പൗഡറുകളിൽ അടങ്ങിയിട്ടുണ്ടാകാം. ചില പ്രോട്ടീൻ പൗഡറുകളിൽ ലെഡ്, ആഴ്സനിക്, കാഡ്മിയം തുടങ്ങിയ ഹെവി മെറ്റലുകളുടെ അംശം കാണപ്പെടാൻ സാധ്യതയുണ്ട്. ഇവ ദീർഘകാല ഉപയോഗത്തിൽ ആരോഗ്യത്തിന് ദോഷകരമാണ്.

ചില പൗഡറുകളിൽ അധികമായി പഞ്ചസാര, കൊഴുപ്പ്, കൃത്രിമ മധുരങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കലോറി വർധിപ്പിക്കുകയും വ്യായാമമില്ലാതെ കഴിച്ചാൽ ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും. പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ അളവ് എത്രയാണെന്ന് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ ചർച്ച ചെയ്ത് മനസിലാക്കണം. പ്രോട്ടീൻ കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല ഗുണനിലവാരമുള്ളതും വിശ്വാസയോഗ്യമായ ബ്രാൻഡുകളുടെ പ്രോട്ടീൻ പൗഡറുകൾ മാത്രം തിരഞ്ഞെടുക്കുക. എത്ര പ്രോട്ടീൻ പൗഡർ കഴിക്കാം എന്നത് ശരീരഭാരം, പ്രായം, ജീവിതശൈലി ഇവ കൂടാതെ ഒരു ദിവസം മൊത്തത്തിൽ ഭക്ഷണത്തിൽ നിന്ന് എത്ര പ്രോട്ടീൻ ലഭിക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കും.

Tags:    
News Summary - Is protein powder harmful to health?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.