ഒരു ദിവസം കഴിക്കുന്ന കലോറിയേക്കാൾ കൂടുതൽ എരിച്ച് കളയുക എന്നതാണ് ശരീരഭാരം കുറക്കുന്നതിനുള്ള അടിസ്ഥാന തത്വം. ഇത് ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരീരഭാരം കുറക്കാൻ പഞ്ചസാര ചേർക്കാത്ത കട്ടൻ കാപ്പിയും കട്ടൻ ചായയും നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഇവയിൽ കലോറി വളരെ കുറവാണ്. രണ്ടിനും അതിന്‍റേതായ ഗുണങ്ങളുണ്ട്. ഏതാണ് നല്ലതെന്ന് നിങ്ങളുടെ ശരീരസ്ഥിതിയെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ നിലവിലെ ശരീരഭാരം, പ്രായം, പ്രവർത്തന നിലവാരം എന്നിവയനുസരിച്ച് എത്ര കലോറി കുറക്കണമെന്ന് ഒരു ഡയറ്റീഷ്യനുമായി ആലോചിക്കുന്നത് നല്ലതാണ്.
കട്ടൻ കാപ്പിയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതായത് ഒരു കപ്പിൽ ഏകദേശം 95 മില്ലിഗ്രാം. ഇത് കുറച്ച് മണിക്കൂറത്തേക്ക് മെറ്റബോളിസം 3-13 ശതമാനം വർധിപ്പിക്കും. വിശ്രമിക്കുമ്പോൾ പോലും കൂടുതൽ കലോറി എരിച്ചുകളയാൻ ഇത് സഹായിക്കുന്നു. കാപ്പിയിലെ കഫീൻ കൊഴുപ്പ് ഓക്സീകരണം പ്രോത്സാഹിപ്പിക്കുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ദിവസവും ഒന്നിലധികം കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നു എന്നാണ്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് കട്ടൻ കാപ്പി വിശപ്പ് കുറക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കാനും സഹായിക്കുമെന്നാണ്.
കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ശരീരഭാരം കുറക്കുന്നതിനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. വ്യായാമം ചെയ്യുന്നതിന് മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ഊർജ്ജം വർധിപ്പിക്കാനും വ്യായാമത്തിന്റെ തീവ്രത കൂട്ടാനും സഹായിക്കും. ശരീരഭാരം കുറക്കാൻ കട്ടൻ കാപ്പി കുടിക്കുമ്പോൾ പഞ്ചസാരയോ പാലോ ക്രീമോ ചേർക്കാൻ പാടില്ല. ഇവ കലോറി വർധിപ്പിക്കുകയും കാപ്പിയുടെ ഗുണം ഇല്ലാതാക്കുകയും ചെയ്യും. അമിതമായ കഫീൻ ഉപയോഗം ഉറക്കക്കുറവ്, നെഞ്ചെരിച്ചിൽ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് ശരീരഭാരം കുറക്കുന്ന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.
കട്ടൻ ചായയിൽ കഫീൻ കുറവാണ്. ഏകദേശം 47 മില്ലിഗ്രാം. എന്നാൽ തിയാഫ്ലേവിൻ പോലുള്ള സംയുക്തങ്ങളും കാരണം ഇത് ഇപ്പോഴും മെറ്റബോളിസത്തെ സുഗമമാക്കുന്നു. കട്ടൻ ചായയിൽ കാറ്റെച്ചിൻസ്, തിയാഫ്ലേവിൻസ് തുടങ്ങിയ പോളിഫെനോളുകൾ അടങ്ങിയതിനാൽ ഇവ കൊഴുപ്പ് എരിച്ച് കളയുന്നു. കട്ടൻ ചായയിലെ സംയുക്തങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വൈവിധ്യം വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചായയിൽ അടങ്ങിയിട്ടുള്ള L-ഥെയാനിൻ (L-Theanine) എന്ന അമിനോ ആസിഡ് മനസിന് ശാന്തത നൽകാനും സമ്മർദ്ദം കുറക്കാനും സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇതിലെ ആൽക്കലൈൻ എന്ന ആന്റിജനും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
പ്രധാന ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ശേഷം ബ്ലാക്ക് ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറക്കാൻ സഹായിക്കും. ഇത് പോസ്റ്റ്പ്രാൻഡിയൽ ഗ്ലൂക്കോസ് എന്നാണ് അറിയപ്പെടുന്നത്. എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാനും റുമറ്റോയ്ഡ് ആർത്രൈറ്റിസ്, പാർക്കിൻസൺ രോഗ സാധ്യത കുറക്കാനും സഹായിക്കുന്നു. മെറ്റബോളിസം വർധിപ്പിക്കാനും വ്യായാമത്തിന് മുമ്പ് ഊർജ്ജം കൂട്ടാനും ആഗ്രഹിക്കുന്നുവെങ്കിൽ കട്ടൻ കാപ്പി തിരഞ്ഞെടുക്കാം. കഫീൻ കുറച്ച്, ദഹനാരോഗ്യവും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നതെങ്കിൽ കട്ടൻ ചായ തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.