'അമിതമായാൽ വെള്ളവും വിഷം'; ഒരു ദിവസം ഒരാൾ കുടിക്കേണ്ട വെള്ളത്തിന്റെ അളവ് ഇതാണ്

ഒരുപാട് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പരിധിയിൽ കൂടുതൽ വെള്ളം കുടിച്ചാൽ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. എങ്ങിനെയാണ് ഒരാൾ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് മനസിലാക്കുക. അതിനും ചില വഴികളുണ്ട്. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പരിശോധിച്ചാൽ ഒരാൾ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനാകും.

എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നും, അല്ലാത്തപക്ഷം, നിർജലീകരണം ഉണ്ടാകും എന്നും നമ്മളോട് ആരോഗ്യവിദഗ്ധർ പലപ്പോഴായി പറഞ്ഞുതന്നിട്ടുണ്ട്. ഇതിനുപരിഹാരമായി അമിതമായി വെള്ളം കുടിക്കുന്നതും നിർജലീകരണം പോലെ തന്നെ ആപത്താണ്. ശരീരത്തിൽ അമിതമായ ജലാംശം ഉണ്ടാവുന്നതിന്റെ ലക്ഷണങ്ങൾ നിർജലീകരണത്തിന്റെ ലക്ഷണങ്ങളുമായി ഏകദേശ സാമ്യമുള്ളതാണ്.

ശരീരത്തിൽ വെള്ളത്തിന്റെ അളവ് അമിതമായാൽ, ഹൈപ്പൊനട്രീമിയ എന്നൊരു തരം അവസ്ഥയ്ക്ക് കാരണമായേക്കാം. ശരീരത്തിൽ സോഡിയം കോൺസൻട്രേഷൻ കുറയുന്ന അവസ്ഥയാണ് ഹൈപ്പൊനട്രീമിയ.

വെള്ളം കുടിച്ചുകുടിച്ച് ഹൈപ്പോനട്രീമിയ എന്ന അവസ്ഥ എത്തിയാൽ ശരീരത്തിലെ സോഡിയം വളരെ അധികം നേർത്തതാകും. ഇങ്ങനെ സംഭവിക്കുമ്പോൾ ശരീരത്തിലെ വെള്ളത്തിന്റെ അളവ് ഉയരും. കോശങ്ങൾ വീർത്ത് തുടങ്ങും. ഈ വീങ്ങൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ലഘുവായ പ്രശ്നങ്ങൾ മുതൽ ജീവനുതന്നെ അപകടമായേക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടാകും.

രക്തസമ്മർദം നോർമൽ ആക്കുക, നാഡികളുടെയും പേശികളുടെയും ജോലികളെ സഹായിക്കുക, ഫ്ലൂയിഡ് ബാലൻസ് നിയന്ത്രിക്കുക ഇതിനെല്ലാം സോഡിയം സഹായിക്കുന്നുണ്ട്. സാധാരണ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 നും 145 നും (mEq /L) ഇടയ്ക്കാണ് ഹൈപ്പോനട്രീമിയ എന്ന അവസ്ഥ വരുമ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 mEq /L ലും താഴെപ്പോകുന്നു.

ഹൈപ്പോനട്രീമിയ വരാൻ കാരണം ?

∙ ചില മരുന്നുകൾ, ചില വേദന സംഹാരികൾ, ആന്റിഡിപ്രസന്റുകൾ, ഡൈയൂററ്റിക്സ് ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെയും വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും. ഇത് സോഡിയത്തിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സാധിക്കാതെ വരും.

∙ ഹൃദയം, വൃക്ക, കരൾ – ഹൃദയത്തിന്റെ പ്രവർത്തന തകരാറ്, വൃക്കയെയും കരളിനെയും ബാധിക്കുന്ന ചില രോഗങ്ങൾ ഇവയെല്ലാം ശരീരത്തിൽ ഫ്ലൂയിഡ് ശേഖരിക്കപ്പെടാൻ ഇടയാക്കും. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു.

∙ നിർജലീകരണം- ഗുരുതരമായ ഛർദി, വയറിളക്കം തുടങ്ങിയവ ഡീഹൈഡ്രേഷനു കാരണമാകുന്നു. ഇത് ശരീരത്തിൽ നിന്ന് സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകളെ നഷ്ടപ്പെടുത്തുകയും ആന്റിഡൈയൂറെറ്റിക് ഹോർമോണുകളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

∙ വെള്ളം കൂടുതൽ കുടിച്ചാൽ- ഒരാൾ ദീർഘദൂര ഓട്ടം ഓടിയെന്നിരിക്കട്ടെ അയാളിൽ നിന്ന് ധാരാളം സോഡിയം വിയർപ്പിലൂടെ പുറത്തുപോകും. ഇതോടൊപ്പം അയാൾ ധാരാളം വെള്ളം കുടിക്കുന്നു എന്നു വയ്ക്കുക. ഇതും രക്തത്തിലെ സോഡിയത്തിന്റെ അളവ് ഡൈല്യൂട്ട് ആക്കും. കൂടുതൽ വെള്ളം കുടിക്കുമ്പോൾ സോഡിയം കുറയുകയും വൃക്കകളുടെ പ്രവർത്തനം അധികമായി തകരാർ സംഭവിക്കുകയും ചെയ്യും.

∙ ഹോർമോൺ വ്യതിയാനങ്ങൾ– ശരീരത്തിൽ സോഡിയം, പൊട്ടാസ്യം, ജലം ഇവയുടെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ഹോർമോണുകളെ ഉൽപ്പാദിപ്പിക്കുന്ന അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തന തകരാറ് കൂടാതെ തൈറോയിഡ് ഹോർമോണിന്റെ കുറഞ്ഞ അളവും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാൻ കാരണമാകും.

∙ പ്രായം - പ്രായമാകുമ്പോൾ ചില മരുന്നുകൾ, ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ മുതലായവയും ചില രോഗങ്ങളും ശരീരത്തിന്റെ സോഡിയം ബാലൻസ് വ്യത്യാസപ്പെടുത്തും.

∙ കായിക താരങ്ങൾ - ധാരാളം വെള്ളം കുടിക്കുന്ന മാരത്തൺ ഓട്ടക്കാർ, ഹൈഇന്റൻസിറ്റി ആക്റ്റിവിറ്റികൾ ചെയ്യുന്നവർ തുടങ്ങിയവരെല്ലാം ഹൈപ്പോനട്രീമിയ വരാൻ സാധ്യതയുള്ളവരാണ്. അവർ വൈദ്യനിർദേശം തേടുന്നത് നല്ലതായിരിക്കും.

ഒരാൾക്ക് എത്ര വെള്ളം കുടിക്കാം

മയോക്ലിനിക്, യുഎസ് നാഷണൽ അക്കാദമിക് ഓഫ് സയൻസസ് എഞ്ചിനീയറിങ് ആൻഡ് മെഡിസിൻ പറയുന്നത് പുരുഷന്മാർക്ക് ഒരു ദിവസം 15.5 കപ്പ് വെള്ളം കുടിക്കാം എന്നാണ് അതായത് 3.7 ലീറ്റർ വെള്ളം. സ്ത്രീകൾക്ക് ഒരു ദിവസം 11.5 കപ്പ് അതായത് 2.7 ലീറ്റർ വെള്ളം കുടിക്കാം.

ഇത് വെള്ളം കുടിക്കുന്നതു കൂടാതെ ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ലഭ്യമാകുന്ന വെള്ളവും കൂടി ചേർന്നതാണ്.

ദിവസവും 20 ശതമാനം ഫ്ലൂയിഡ് ഭക്ഷണത്തിൽ നിന്നും ബാക്കി പാനീയങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക. ശരീരം മതി എന്നു പറയുമ്പോൾ നിർത്തുക. ശരീരത്തെ ശ്രദ്ധിക്കുക. 

Tags:    
News Summary - Water: How much should you drink every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.