പാൻക്രിയാറ്റൈറ്റസിനെ തടയുന്ന വിറ്റാമിൻ എ; അറിയാം, വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരത്തിന്‍റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ഥി. വയറ്റിലെത്തുന്ന അസിഡിക് സ്വഭാവമുള്ള ഭക്ഷണത്തെ നിർവീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാൻക്രിയാസ് ആണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ ദഹിപ്പിക്കാനും പാൻക്രിയാസ് സഹായിക്കുന്നു. ദഹനത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോണുകളും പാന്‍ക്രിയാസ് ഉൽപാദിപ്പിക്കുന്നു. ഇതിനാൽ പാന്‍ക്രിയാസിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

പാൻക്രിയാസിൽ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് പാൻക്രിയാറ്റൈറ്റസ്. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പാൻക്രിയാറ്റൈറ്റസ് ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ ചർമ്മം, രോഗപ്രതിരോധശേഷി, കാഴ്ച, പ്രത്യുൽപാദനം എന്നിവ നിലനിർത്തുന്നതിൽ വിറ്റാമിൻ എ സുപ്രധാന പങ്ക് വഹിക്കുന്നു. പാൻക്രിയാസിന്റെ ശരിയായ പ്രവർത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണ്.

പാൻക്രിയാസിനു വരുന്ന തകരാറുകൾ പ്രമേഹം, പാൻക്രിയാറ്റിക് അർബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാൻക്രിയാസിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാൻക്രിയാസിന്‍റെ ആരോഗ്യം നിലനിർത്താൻ ഈ ഭക്ഷണ വിഭവങ്ങൾ നിങ്ങളെ സഹായിക്കും.

1. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. പാൻക്രിയാസിലെ അർബുദ സാധ്യത 50 ശതമാനം കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.

2. കാരറ്റ്

ബീറ്റാ കരോട്ടിന്റെ മറ്റൊരു മികച്ച ഉറവിടമാണ് കാരറ്റ്. ഒരു ഇടത്തരം വലിപ്പമുള്ള കാരറ്റിൽ നിങ്ങൾക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ എ ഉണ്ട്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവ ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട്. കാരറ്റ് വേവിച്ചോ, സലാഡുകളിലോ സൂപ്പുകളിലോ പായസത്തിലോ ചേർത്ത് കഴിക്കാം.

3. ചീര

വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ഇലക്കറിയാണ് ചീര. ചീര പച്ചയായോ വേവിച്ചോ സ്മൂത്തികളിലോ സലാഡുകളിലോ ചേർക്കാം. അര്‍ബുദകോശങ്ങള്‍ക്കെതിരെ പോരാടുന്ന മോണോഗാലക്ടോസില്‍ഡിയാസില്‍ഗ്ലിസറോളും(എംജിഡിജി) ചീരയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യതയും ഇത് കുറക്കുന്നു.

4. കരൾ

വിറ്റാമിൻ എ യുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണ് മൃഗങ്ങളുടെ കരൾ. ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിൻ ബി 12 എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് കരൾ. കരൾ കറിവെച്ചോ സൂപ്പിലോ ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ കരൾ പതിവായി കഴിക്കുന്നത് മറ്റ് പല രോഗങ്ങൾക്കും കാരണമാകും.

5. മാമ്പഴം

വിറ്റമിൻ എയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുള്ള ഒരു രുചികരമായ ഫലമാണ് മാമ്പഴം. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ, മാമ്പഴം നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

6. പപ്പായ

വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു പഴമാണ് പപ്പായ. ഒരു കപ്പ് അരിഞ്ഞ പപ്പായയിൽ വിറ്റാമിൻ എയുടെ 40% അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ പാൻക്രിയാസിനെ ആരോഗ്യകരമായി നിലനിർത്താനും പാൻക്രിയാറ്റൈറ്റസ് ഉണ്ടാകാനുള്ള സാധ്യത കുറക്കാനും സഹായിക്കും. 

Tags:    
News Summary - Vitamin A prevents pancreatitis; You know, foods rich in vitamin A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.