കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാര്‍ബദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിങ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നത്. 'കാന്‍സര്‍ ചികിത്സയിലുള്ള വിടവ് നികത്തുക' എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം. എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അർഥമാക്കുന്നത്.

കാന്‍സര്‍ പരിചരണത്തിനും ചികിത്സക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നവകേരള കർമ പദ്ധതി ആര്‍ദ്രം മിഷനില്‍ പ്രധാന പദ്ധതികളിലൊന്നാണ് കാന്‍സര്‍ പരിചരണം. കാന്‍സര്‍ രോഗികളുടെ വര്‍ധനവ് മുന്നില്‍ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് മൂന്ന് അപ്പെക്‌സ് കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ അഞ്ച് മെഡിക്കല്‍ കോളജിലും സമഗ്ര കാന്‍സര്‍ ചികിത്സ ലഭ്യമാക്കി. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കി. കൃത്യമായ കാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സ്റ്റാന്റേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാന്‍സര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ചികിത്സയും രോഗനിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് എല്ലാ സര്‍ക്കാര്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കുന്നതാണ്.

കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗ നിര്‍ണയ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാര്‍ഷികാരോഗ്യ പരിശോധന നടത്തി. ഇതിലൂടെ കാന്‍സര്‍ സംശയിച്ചവര്‍ക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതുവരെ 9 ലക്ഷത്തിലേറെ പേരെ കാന്‍സര്‍ സ്‌ക്രീനിംഗിന് റഫര്‍ ചെയ്തു. ഇതില്‍ 41,000 പേരെ വദനാര്‍ബുദം, 79,000 പേരെ സ്തനാര്‍ബുദം, 96,000 പേരെ ഗര്‍ഭാശയഗളാര്‍ബുദം എന്നിവ പരിശോധിക്കാനായി റഫര്‍ ചെയ്തു.

കാന്‍സറിന്റെ മൂന്നും നാലും സ്റ്റേജിലാണ് പലരും ചികിത്സക്കായി എത്തുന്നത്. അതിനാല്‍ തന്നെ സങ്കീര്‍ണതകളും കൂടുന്നു. നേരത്തെ കാന്‍സര്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.

Tags:    
News Summary - Veena George said that preventive oncology clinics will be started for early detection and treatment of cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.