രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിലെത്തും; 108 ആംബുലൻസ് ശൃംഖല കൂടുതൽ ശക്തമാക്കി

തിരുവനന്തപുരം: രോഗിയെ ആംബുലൻസിൽ പ്രവേശിപ്പിക്കുന്ന സമയത്ത് തന്നെ രോഗിയുടെ അവസ്ഥ, അപകടവിവരം, ആംബുലന്‍സ് വരുന്നതിന്‍റെ വിവരം, ആശുപത്രിയില്‍ എത്തുന്ന സമയം എന്നിവയടക്കം ബന്ധപ്പെട്ട ആശുപത്രിയിൽ ലഭിക്കും വിധത്തിൽ 108 ആംബുലൻസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തി.

ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറക്കലും വിവരങ്ങള്‍ തത്സമയം അറിയിക്കാലും ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കും. ഇതിലൂടെ ആശുപത്രിയിലുള്ളവര്‍ക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കും. പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

കനിവ് 108 ആംബുലന്‍സില്‍ വിളിക്കുന്ന ആളിന്‍റെ ലൊക്കേഷന്‍ തിരിച്ചറിയാനുള്ള സംവിധാനവും ഏർപ്പെടുത്തും. 108 ലേക്ക് വിളിക്കുമ്പോള്‍ വിളിക്കുന്ന ആളിന്‍റെ ഫോണിലേക്ക് ഒരു മെസേജ് വരും. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിന് അപകടം നടന്ന സ്ഥലത്തിന്‍റെ ശരിയായ വിവരങ്ങള്‍ ലഭ്യമാകും. ഈ വിവരങ്ങള്‍കൊണ്ട് ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സിൽ വേഗത്തിൽ അപകടസ്ഥലത്തെത്താൻ കഴിയും.

മൂന്ന് വർഷം, 5.86 ലക്ഷം ട്രിപ്പുകൾ

സേവനം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 5,86,723 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ നടത്തിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ (84,863) 108 ആംബുലന്‍സുകള്‍ ഓടിയത്. ഇതുവരെ 70 പേരുടെ പ്രസവങ്ങള്‍ 108 ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്‍ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങള്‍, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ജി.പി.എസിന്‍റെ സഹായത്തോടെ രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലന്‍സിനെ വിന്യസിക്കുന്നതാണ് നിലവിലെ രീതി.

Tags:    
News Summary - The information reaches the hospital as soon as the ambulance is loaded; 108 ambulance network strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.