സിക്കിള്‍ സെല്‍ രോഗിക്ക് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: വയനാട് ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി. സിക്കിള്‍സെല്‍ രോഗിയായതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് ഇടുപ്പ് വേദനയുമായി 35 കാരിയായ രോഗി വയനാട് മെഡിക്കല്‍ കോളജിലെത്തുന്നത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍ രോഗിയെ പരിശോധിച്ച് അണുബാധയുടെ ഫലമായുണ്ടാകുന്ന ഓസ്റ്റിയോമൈലൈറ്റിസ് എന്ന അസുഖമാണെന്ന് കണ്ടെത്തി. സിക്കിള്‍സെല്‍ രോഗികളില്‍ കാണുന്ന അതീവ ഗുരുതരാവസ്ഥയാണിത്.

തുടര്‍ പരിശോധനയില്‍ രക്തത്തിന്റെ സുഗമമായ ചംക്രമണം തടസപ്പെട്ടത് മൂലമുണ്ടാകുന്ന 'അവാസ്‌കുലാര്‍ നെക്രോസിസ്' കാരണമാണ് ഇതുണ്ടായതെന്ന് കണ്ടെത്തി. ഇടുപ്പ് മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു പോംവഴി. വിദഗ്ധ പരിശോധനക്ക് ശേഷം ആദ്യഘട്ടത്തില്‍ ഇടതുഭാഗത്തെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

രോഗിക്ക് മികച്ച ചികിത്സയൊരുക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും എൻ.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ജനുവരി 18ന് വയനാട്ടില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് ഏകദേശം ഒരുമാസത്തിന് ശേഷം ഫെബ്രുവരി 15 ന് വലതുഭാഗത്തും ശസ്ത്രക്രിയ നടത്തി. നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഫിസിയോതെറാപ്പി നടത്തിവരുന്നുണ്ട്.

വീല്‍ച്ചെയറില്‍ ഇരുന്ന് യാത്ര ചെയ്യേണ്ട അവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗി പരസഹായം ഇല്ലാതെ ചെറു ചുവടുകള്‍ വച്ച് നടക്കാന്‍ തുടങ്ങി. സിക്കിള്‍ സെല്‍ രോഗികള്‍ക്കുള്ള ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വയനാട് മെഡിക്കല്‍ കോളജില്‍ യാഥാർഥ്യമാക്കാന്‍ കഴിഞ്ഞത് ഏറെ നേട്ടമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് ബ്ലഡ് സെല്‍ ഡിസീസ് നോഡല്‍ ഓഫീസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ആശുപത്രി സുപ്രണ്ട് എന്നിവരുടെ ഏകോപനത്തില്‍ ഓര്‍ത്തോപീഡിക്‌സ്, മെഡിസിന്‍ വിഭാഗം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.

Tags:    
News Summary - Sickle cell patient undergoes successful hip replacement surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.