യുവാക്കളിൽ സ്ട്രോക്ക് വർധിക്കുന്നു: അവഗണിക്കരുത് ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ

സ്ട്രോക്ക് അഥവാ പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമാണെന്ന ധാരണ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വൈദ്യശാസ്ത്ര രംഗത്തെ കണക്കുകൾ പരിശോധിച്ചാൽ 50 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിലും സ്ട്രോക്ക് കേസുകൾ വൻതോതിൽ വർദ്ധിച്ചുവരുന്നതായി കാണാം. മാറുന്ന ജീവിതശൈലിയും തിരിച്ചറിയപ്പെടാത്ത രോഗാവസ്ഥകളും കാരണം ഇന്ന് കാൽഭാഗത്തോളം സ്ട്രോക്ക് കേസുകളും യുവാക്കളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രായമായവരിൽ ഉണ്ടാകുന്ന സ്ട്രോക്കിന് പിന്നിലെ പ്രധാന കാരണത്തേക്കാൾ വ്യത്യസ്തവും സങ്കീർണ്ണവുമാണ് ചെറുപ്പക്കാരിലെ രോഗസാധ്യതകൾ.

യുവാക്കളിൽ സ്ട്രോക്ക് വർദ്ധിക്കാൻ കാരണമാകുന്ന പ്രധാന ഘടകങ്ങൾ

ചെറുപ്പക്കാരിൽ രക്തധമനികൾ കട്ടപിടിക്കുന്നതിനോ (ഇസ്കെമിക് സ്ട്രോക്ക്) പൊട്ടിപ്പോകുന്നതിനോ (ഹെമറേജിക് സ്ട്രോക്ക്) വഴിവെക്കുന്ന പ്രധാന അപകടസാധ്യത ഘടകങ്ങൾ താഴെ പറയുന്നവയാണ്:

  • ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലിയും അമിതവണ്ണവും : മണിക്കൂറുകളോളം ഒരേയിരിപ്പിൽ ജോലി ചെയ്യുന്നത്, വ്യായാമമില്ലായ്മ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവ ചെറുപ്പത്തിലേ തടികൂടുന്നതിനും രക്തസമ്മർദ്ദം, പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ രോഗങ്ങൾക്കും കാരണമാകുന്നു.
  •  ലഹരിവസ്തുക്കളുടെയും പുകവലിയുടെയും ഉപയോഗം : പുകവലിയും ഇ-സിഗരറ്റുകളുടെ ഉപയോഗവും രക്തധമനികളുടെ ഭിത്തികളെ പെട്ടെന്ന് ദുർബലമാക്കുന്നു. കൂടാതെ മറ്റ് രാസലഹരികൾ എന്നിവയുടെ ഉപയോഗം രക്തസമ്മർദ്ദം പെട്ടെന്ന് ഉയർത്താനും രക്തധമനികൾ ചുരുങ്ങാനും ഇടയാക്കുന്നു. ഇത് യുവാക്കളിൽ സ്ട്രോക്ക് സാധ്യത ഇരട്ടിയാക്കുന്നു.
  •  തിരിച്ചറിയപ്പെടാത്ത രക്തധമനി വൈകല്യങ്ങൾ: ജന്മനാ തലച്ചോറിലെ രക്തധമനികളിൽ ഉണ്ടാകുന്ന ബലക്ഷയം അല്ലെങ്കിൽ ധമനികളിലെ തകരാറുകൾ (ആർട്ടീരിയോവീനസ് മാൽഫോർമേഷൻ/ aneurysm)* എന്നിവ ചെറുപ്പക്കാരിൽ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാറില്ല. ഇവ തലച്ചോറിലെ കടുത്ത രക്തസ്രാവത്തിനും സ്ട്രോക്കിനും കാരണമാകുന്നു.
  • കടുത്ത മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും : തൊഴിൽമേഖലയിലെ സമ്മർദ്ദങ്ങളും മാനസിക പിരിമുറുക്കവും ശരീരത്തിലെ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് കൂട്ടുന്നു. ഇത് രക്തസമ്മർദ്ദം ഉയർത്താനും ഉറക്കമില്ലായ്മയിലേക്ക് നയിക്കാനും കാരണമാകുന്നു.
  • ഓട്ടോഇമ്മ്യൂൺ രോഗങ്ങളും അപൂർവ്വ രക്തരോഗങ്ങളും: ശരീരത്തിലെ പ്രതിരോധസംവിധാനം സ്വന്തം രക്തധമനികളെ ആക്രമിക്കുന്ന വാസ്കുലൈറ്റിസ്, രക്തം പെട്ടെന്ന് കട്ടപിടിക്കുന്ന ആന്റിഫോസ്ഫോളിപ്പിഡ് സിൻഡ്രോം (എ.പി.എസ്) തുടങ്ങിയ രോഗങ്ങൾ ചെറുപ്പക്കാരിലാണ് കൂടുതൽ കണ്ടുവരുന്നത്.

ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

ചെറുപ്പക്കാരിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഇത് വെറും ഗ്യാസിന്റെ പ്രശ്നമാണ് അല്ലെങ്കിൽ അമിതമായ ക്ഷീണം മാത്രമാണ് എന്ന് കരുതി തള്ളിക്കളയാറാണ് പതിവ്. ഇത് രോഗനിർണ്ണയം വൈകിപ്പിക്കുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ BE-FAST എന്ന ബോധവൽക്കരണ സൂത്രവാക്യം ഓർമ്മിക്കുക:

  •  (B - Balance) തുലനാവസ്ഥ നഷ്ടപ്പെടുക: പെട്ടെന്ന് തലകറക്കമോ നടക്കുന്നതിനിടയിൽ വശങ്ങളിലേക്ക് ചരിഞ്ഞുപോകുന്ന അവസ്ഥയോ അനുഭവപ്പെടുക.
  •  (E - Eyes) കാഴ്ചയിലെ വ്യതിയാനം: പെട്ടെന്ന് ഒരു കണ്ണിലോ രണ്ടു കണ്ണുകളിലോ കാഴ്ച മങ്ങുകയോ രണ്ടായി കാണപ്പെടുകയോ ചെയ്യുക.
  • (F - Face) മുഖം കോടുന്ന അവസ്ഥ: മുഖത്തിന്റെ ഒരു വശം കോടിപ്പോകുകയോ തളരുകയോ ചെയ്യുക.
  •  (A - Arms) കൈകൾക്ക് തളർച്ച അനുഭവപ്പെടുക: ഇരു കൈകളും മുന്നോട്ട് നീട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഒരു കൈ താനേ താഴേക്ക് പതിക്കുക.
  •  (S - Speech) സംസാരശേഷി: സംസാരിക്കുമ്പോൾ വിക്കൽ അനുഭവപ്പെടുക, അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുക.
  • (T - Time) സമയം പ്രധാനം : മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ കണ്ടാൽ അല്പം പോലും സമയം പാഴാക്കാതെ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക.

ജീവൻ രക്ഷിക്കാൻ ഓരോ സെക്കൻഡും പ്രധാനം

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ട് ആദ്യത്തെ 3 മുതൽ 4 മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ, രക്തക്കട്ട അലിയിക്കാനുള്ള മരുന്നുകൾ അത്യാധുനിക മെക്കാനിക്കൽ ത്രോംബെക്ടമി ചികിത്സ മുഖേനയോ തലച്ചോറിന് ഉണ്ടാകുന്ന ആഘാതവും വൈകല്യങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

സ്ട്രോക്ക് എങ്ങനെ പ്രതിരോധിക്കാം?

  •  പതിവ് പരിശോധനകൾ: 20-30 വയസ്സ് കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ ബി.പി, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുക.
  • ശാരീരിക അധ്വാനം കൂട്ടുക: പ്രതിദിനം വ്യായാമം ശീലമാക്കുക. നീണ്ട സമയത്തെ ഇരുപ്പ് ഒഴിവാക്കാൻ ഇടയ്ക്ക് നടക്കാൻ ശ്രദ്ധിക്കുക.
  • പോഷകാഹാരം ശീലമാക്കുക: പോഷകഗുണം ഒട്ടുമില്ലാത്ത ജങ്ക് ഫുഡ്, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കി പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, വീട്ടിലുണ്ടാക്കുന്ന സമീകൃതാഹാരം എന്നിവ കഴിക്കുക.
  •  പുകവലി, മദ്യം, ലഹരിമരുന്നുകൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുക.
  • യോഗ, ധ്യാനം, കൃത്യസമയത്തുള്ള ഉറക്കം എന്നിവയിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കുക.

ചെറുപ്പകാരിൽ സ്ട്രോക്ക് വരില്ല എന്ന തെറ്റിദ്ധാരണ മാറ്റുകയാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിലൂടെയും ഒട്ടുമിക്ക രോഗികളിലും സ്ട്രോക്ക് മൂലമുണ്ടാകുന്ന വൈകല്യങ്ങളും ജീവഹാനിയും പൂർണ്ണമായും തടയാൻ നമുക്ക് സാധിക്കും.

Tags:    
News Summary - Stroke Warning Signs in youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.