നിപ മരുന്നിൽ യാതൊരു സംശയവുമില്ല, കാലാവധിയിൽ മാത്രമാണ് പ്രശ്നം: നിലപാടിൽ ഉറച്ച് കെ. മുരളീധരൻ
കോഴിക്കോട്: നിപ മരുന്ന് വിവാദത്തിൽ നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ രോഗികൾക്ക് നൽകുന്ന റെംഡെസിവർ മരുന്നിൽ സംശയമില്ല, കേരളത്തിൽ നൽകിയ മരുന്നിന്‍റെ കാലാവധിയിൽ മാത്രമാണ് സംശയമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതൽ പറയാനാകൂ. തികച്ചും ഉത്തരവാദിത്തത്തോടെയാണ് താൻ നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. ആരോഗ്യ വകുപ്പിന്‍റെ ഉത്തരവാദപ്പെട്ടവർ നൽകുന്ന റിപ്പോർട്ടാണ് മേശപ്പുറത്ത് വെക്കുകയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ വിതരണം ചെയ്ത മരുന്നിൽ മാനുഫാക്ചറിങ് തീയതി ഇല്ല എന്ന് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 മുതൽ നിപ രോഗികൾക്ക് നൽകിയ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നും ഇക്കാലയളവിലെ നിപ മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്. ക്ലിനിക്കൽ ട്രയലിന് മരുന്ന് നൽകിയെന്നാണ് സംശയിക്കുന്നത്. എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാതെ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗികൾക്കു നൽകിയത് അമേരിക്കൻ കമ്പനി നിർമിച്ച മരുന്നാണ്. ക്ലിനിക്കൽ ട്രയലിന് ഉള്ളതാണെന്നു കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ ഗിലീഡ് ഉൽപ്പാദിപ്പിച്ച മരുന്നിൽ 'ഇൻവെസ്റ്റിഗേഷണൽ യൂസിന്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉൽപ്പാദിപ്പിച്ച തീയതി രേഖപ്പെടുത്തിയിട്ടില്ല. എക്സ്പയറി തീയതി മാത്രമാണ് രേഖപ്പെടുത്തിയത്. അത് 2025 സെപ്റ്റംബർ ആണ്. മരുന്ന് നൽകുമ്പോൾ അതിന്‍റെ പ്രൊഡക്ഷൻ, എക്സ്പയറി തീയതികൾ രേഖപ്പെടുത്തണം. ഇതിൽ പ്രൊഡക്ഷൻ രേഖപ്പെടുത്താത്തത് സംശയത്തിനിടയാക്കുന്നു. കെ.എം.എസ്.സി.എൽ വഴിയാണ് അമേരിക്കൻ മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ ഇതു വാങ്ങിയതിന് ഒരു രേഖയും കെ.എം.എസ്.സി.എലിൽ ഇല്ലെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നുണ്ട്. ഏതെങ്കിലും സർക്കാർ ഏജൻസി സ്പോൺസർ ചെയ്തതാണോയെന്നു പരിശോധിക്കുന്നുണ്ട്. ഏതുവഴി ലഭിച്ച മരുന്നാണെങ്കിലും നിർമാണ തീയതി രേഖപ്പെടുത്തേണ്ടതാണ്. അതേസമയം, ‘ഇൻവെസ്റ്റിഗേഷണൽ യൂസി’ന് ഉള്ളതായതിനാൽ നിർമാണകാലാവധി രേഖപ്പെടുത്തുന്നതിൽ ഇളവുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.