നിപ മരുന്നിൽ കെ. മുരളീധരൻ പറഞ്ഞത് തെറ്റ്, മാപ്പ് പറയണം: വീണാ ജോർജ്

തിരുവനന്തപുരം: നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്‍റെ ആരോപണം തെറ്റാണെന്നും നിയമസഭയിൽ നടത്തിയ പ്രസ്താവന തിരുത്തി മന്ത്രി മാപ്പ് പറയണമെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. "എത്ര നിരുത്തരവാദപരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും സെൻസിറ്റീവായ ഒരു വിഷയത്തിൽ കെ. മുരളീധരന് എങ്ങനെയാണ് ഇങ്ങനെയൊരു മറുപടി പറയാൻ കഴിയുന്നത് എന്നത് അമ്പരപ്പിക്കുന്നു" എന്നും അവർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാപ്പുപറയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. നിപ രോഗികളുടെ കൃത്യമായ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകൾ കൊടുത്തു, എന്ത് ചികിത്സ നൽകി എന്നതിന്റെ എല്ലാ രേഖകളും സർക്കാരിന്റെ പക്കലുണ്ട്. 'മരുന്നിൽ കാലാവധി തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് മരുന്ന് വാങ്ങിച്ചുവെന്ന് ആരോഗ്യമന്ത്രി പറയുന്നത് കേട്ടു. ഇപ്രാവശ്യം മരുന്നുവാങ്ങിയത് ബഹ്റൈനിൽ നിന്നല്ലേ. ബഹ്റൈൻ വിദേശരാജ്യം അല്ലേ. സാധാരണക്കാർക്ക് പോലും കാലാവധി മരുന്നിൽ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാൻ കഴിയും. ഒരു സുപ്രഭാതത്തിൽ വന്നിട്ട് എത്രപേർ മരിച്ചു എന്നറിയില്ല എന്നൊക്കെ മന്ത്രി പറയുകയാണ്. പൊടുന്നനെ സഭയുടെ ഫ്ലോറിൽ ഉണ്ടായ വിഷയമല്ലിത്. മാത്യു കുഴൽനാടനെ കൊണ്ട് ചോദ്യം ഉന്നയിപ്പിച്ചതാണ്. മന്ത്രിക്ക് ഉത്തരം തയ്യാറാക്കാൻ സമയമുണ്ടായിരുന്നു. അട്ടപ്പാടിയിൽ നവജാത ശിശുക്കൾ മരിച്ചു. എത്ര നാളുകൾക്ക് ശേഷമാണ് അട്ടപ്പാടിയിൽ ശിശുമരണം സംഭവിക്കുന്നത്. ആരോഗ്യവകുപ്പിൽ എന്നും പ്രശ്നങ്ങളാണ്. ഇതെല്ലാം മറച്ചുവെക്കുന്നതിനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. ആളുകളെ ഭയചകിതരാക്കുന്ന പ്രസ്താവന ആരോഗ്യമന്ത്രി നടത്തി. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല', വീണാ ജോർജ് പറഞ്ഞു.

അഞ്ച് നിപ രോഗികൾക്കാണ് മരുന്ന് കൊടുത്തിട്ടുള്ളത്. അവർ എല്ലാം ഇന്ന് ജീവനോടെയുണ്ട്. നിപ പകർച്ചവ്യാധിയുടെ മരണനിരക്ക് 70ശതമാനത്തിന് മുകളിലാണ്. കേരളത്തിൽ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചെന്നും വീണാ ജോർജ് പറഞ്ഞു. ഏറ്റവും വിജയകരമായ മരുന്നാണ് നൽകിയത്. കാലാവധി കഴിഞ്ഞ മരുന്ന് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും വീണ വ്യക്തമാക്കി.

എന്നാൽ നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി കെ. മുരളീധരൻ. 2023 മുതൽ നിപ രോഗികൾക്ക് നൽകിയ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നും ഇക്കാലയളവിലെ നിപ മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്. ക്ലിനിക്കൽ ട്രയലിന് മരുന്ന് നൽകിയെന്നാണ് സംശയിക്കുന്നത്. എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാതെ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ 2023 മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് നിപ മരണങ്ങളിലും റെംഡെസിവർ മരുന്ന് നൽകിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

Tags:    
News Summary - Nipah medicine: Veena George demands K. Muraleedharan apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.