പൊതുജനാരോഗ്യബിൽ: ആശങ്ക കനക്കുന്നു, ആരോഗ്യം പൗരന്‍റെ അവകാശമാകണമെന്ന് ആവശ്യം

തിരുവനന്തപുരം: സമഗ്രവും സുതാര്യവുമായ പൊതുജനാരോഗ്യ ബില്‍ രൂപപ്പെടുത്തുമെന്ന് സർക്കാർ പറയുമ്പോഴും, പൗരന്മാരുടെ അവകാശങ്ങളെ കെടുത്തുന്നതാണ് ബില്ലിന്‍റെ ഉള്ളടക്കമെന്ന ആക്ഷേപം ശക്തമാകുന്നു. ആരോഗ്യം പൗരന്‍റെ അവകാശമാക്കുന്നതിനു പകരം, പലവ്യവസ്ഥകളും അടിച്ചേൽപ്പിക്കുന്നതാണ് ബില്ലിന്‍റെ ഉള്ളടക്കമെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അലോപ്പതി ഒഴികെ ചികിത്സ വിഭാഗങ്ങളെ ഒട്ടുമിക്കരോഗങ്ങളും ചികിത്സിക്കുന്നതിൽനിന്ന് വിലക്കുന്നതും ബില്ലിന്‍റെ മറ്റൊരുപോരായ്മയത്രേ.

എന്നാൽ, എല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നത്. ഏതു ചികിത്സരീതി സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അത് ബിൽ ചോദ്യം ചെയ്യുന്നില്ല. പുതിയ വൈദ്യശാസ്ത്രശാഖകളെ അംഗീകരിക്കില്ല എന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്. അംഗീകൃത യോഗ്യതകളുള്ളവര്‍ക്ക് നിയമവിധേയമായി പ്രാക്ടീസ് ചെയ്യാന്‍ ഒരു തടസ്സവും വരില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലാത്ത സാഹചര്യത്തിലാണ് ബിൽ രൂപപ്പെടുത്താൻ സർക്കാർ മുന്നോട്ടുവന്നത്. കോവിഡ്, നിപ തുടങ്ങി മഹാമാരികളെ നേരിട്ടപ്പോള്‍ ഏകീകൃത നിയമം ഇല്ലാത്തത് തിരിച്ചടിയായിരുന്നു. 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ മേഖലയിലെ1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടും ഏകീകരിക്കുന്നതാണ് ഏകീകൃത കേരള പൊതുജന ആരോഗ്യ ബിൽ. അതിനുശേഷം ഇതുവരെ സാമൂഹിക-രാഷ്ട്രീയ-ആരോഗ്യമണ്ഡലങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പുതിയബിൽ അക്കാര്യങ്ങൾ എത്രത്തോളം ഉൾക്കൊണ്ടുവെന്നതാണ് ഉയരുന്നചോദ്യം.

വിദ്യാഭ്യാസംപോലെ പൊതുജനാരോഗ്യവും വ്യക്തിയുടെ അവകാശമാണ്. എന്നാൽ, ജനത്തിന്‍റെ അവകാശത്തിനപ്പുറം, ജനങ്ങൾക്കുമേൽ നിയമങ്ങൾ അടിച്ചേൽപിക്കുന്നതാണ് പുതിയ ബില്ലിന്‍റെ ഉള്ളടക്കമെന്നാണ് പ്രധാന പരാതി. ഉദാഹരണത്തിന് തെരുവിലെ നായ് കടിച്ച് പേവിഷബാധയേറ്റ് ഒരാൾ മരിച്ചാൽ അത് അയാളുടെ ഉത്തരവാദിത്തമെന്നതാണ് ബില്ലിന്‍റെ സാമാന്യമായ ഉള്ളടക്കം. മറിച്ച്, ആരോഗ്യം ജനത്തിന്‍റെ അവകാശമെന്ന തരത്തിലെങ്കിൽ, ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാകും. പകർച്ചവ്യാധികളുടെ കാര്യത്തിലും ഇതു ബാധകമാണ്. നഷ്ടപരിഹാരമടക്കം മരിച്ചയാളിന്മേലുള്ള എല്ലാ ഉത്തരവാദിത്തവും സംസ്ഥാനം ഏറ്റെടുക്കേണ്ടി വരും. എന്നാൽ, ഇപ്പോഴെല്ലാം ജനത്തിന്‍റെ തലയിലാണ്. 

Tags:    
News Summary - Public Health Bill Concerns are growing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.