69 കുട്ടികളുടെ മരണം: ഇന്ത്യൻ കഫ്സിറപ്പ് നിർമാതാക്കൾക്കെതിരെ നടപടി ശിപാർശ ചെയ്ത് ഗാംബിയ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 69 കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് കരുതുന്ന കഫ് സിറപ്പുകളുടെ നിർമാതാക്കൾക്കെതിരെ ​പ്രൊസിക്യൂഷൻ നടപടികൾ ശിപാർശ ചെയ്ത് ഗാംബിയ പാർലമെന്ററി കമ്മിറ്റി. ഹരിയാനയിൽ നിന്ന് ഉത്പാദനം നടത്തുന്ന ഇന്ത്യൻ കമ്പനി മെയ്ഡൻ ഫാർമസ്യൂട്ടിക്കലിനെതിരെയാണ് ഗാംബിയ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മെയ്ഡൻ ഗാംബിയയിൽ വിതരണം ചെയ്ത നാല് കഫ്സിറപ്പുകളിൽ വിഷാംശമായ ഡൈഎഥിലീൻ ഗ്ലൈകോളും എഥിലീൻ ​ഗ്ലൈ​കോളും അടങ്ങിയിട്ടുണ്ടെന്നും ഇത് കുട്ടികളിൽ ഗുരുതര വൃക്കരോഗങ്ങൾക്ക് വഴിവെച്ച് മരണത്തിനിടയാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

മലിനമായ കഫ്സിറപ്പുകൾ കയറ്റുമതി ചെയ്ത സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ഉത്തരവാദികളാണെന്ന് ഗാംബിയ കുറ്റപ്പെടുത്തി. സിറപ്പുകളുടെ വിതരണം നിർത്തിവെക്കണമെന്ന് ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സിറപ്പുകൾ അവ ആവശ്യപ്പെടുന്ന അളവിലുള്ള ചേരുവകൾ മാത്രം ഉൾക്കൊള്ളിച്ചവയാണെന്നും വിഷാംശം അടങ്ങിയിട്ടില്ലെന്നുമാണ് ഇന്ത്യൻ സർക്കാർ നടത്തിയ പരിശോധനകളുടെ ഫലം. മരണത്തിന് സിറപ്പിനെ അനവാശ്യമായി കുറ്റപ്പെടുത്തുകയാണെന്നാണ് ഇന്ത്യൻ അധികൃതരുടെ വാദം.

എന്നാൽ നിയമങ്ങൾക്കനുസൃതമായാണ് നീങ്ങുകയെന്നും നടപടികളിൽ ഉറച്ചു നിൽക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഗാംബിയൻ പാർലമെന്ററി കമ്മിറ്റി നടപടിക്ക് ശിപാർശ ചെയ്തത്. മെയ്ഡൻ ഫാർമസ്യൂട്ടിക്കലിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് നിരോധിക്കുന്നതും കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമുൾപ്പെടെയുള്ള നടപടികൾക്കാണ് ശിപാർശ ചെയ്തത്.

മെയ്ഡന്റെ പ്രൊമത്സിൻ ഓറൽ സിറപ്പ്, കൊഫെക്സമാലിൻ ബേബി കഫ്സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് ആന്റ് കോൾഡ് സിറപ്പ് എന്നിവയിൽ ഡൈ എഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നീ വിഷംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ഫലം തന്നെയാണ് വീണ്ടും പരിശോധിച്ചപ്പോൾ ലഭിച്ചതെന്നും ഗാംബിയ അധികൃതർ വ്യക്തമാക്കി.

ഡൈ എഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നിവ മനുഷ്യരിൽ വിഷമായി പ്രവർത്തിക്കും. കഴിക്കാനിടവന്നാൽ മരണത്തിനു വരെ സാധ്യതയുണ്ട്. എന്നാൽ കുട്ടികളുടെ മരണത്തിന്റെ ശാസ്ത്രീയമായ കാരണത്തെ കുറിച്ചുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും പാർലമെന്റ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

രാജ്യത്തെക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മരുന്നുകളെ കുറിച്ചും ശരിയായ രീതിയിൽ പഠിക്കാനും പരിശോധനക്ക് വിധേയമാക്കാനും മരുന്നു കമ്പനികളുടെ ചരിത്രം പരിശോധിക്കാനും മരുന്ന് നിയന്ത്രണ സമിതിയോട് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Maiden Pharmaceuticals: Gambia panel says India firm culpable for cough syrup deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.