തണുപ്പുള്ള വെള്ളത്തിലെ കുളി ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണ്. ഇത്തരം കുളിയുടെ മാനസികാരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുന്നവർ മുതൽ പ്രൊഫഷനൽ അത്‌ലറ്റുകൾ പരിക്കുകൾ നിന്ന് മുക്തി നേടാൻ ‘ഐസ് ബാത്ത്’ ഉപയോഗിക്കുന്നത് വരെ നീളുന്നു അത്. തണുത്ത വെള്ളത്തിലെ കുളി പൊതുവെ ആരോഗ്യമുള്ള മിക്ക മുതിർന്നവർക്കും സുരക്ഷിതമാണ്. ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്താനും എളുപ്പമാണ്.
ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയുമെന്നാണ് ഈ മേഖലയിൽ പരീക്ഷണം നടത്തിയവർ അവകാശപ്പെടുന്നത്. തണുപ്പുള്ള വെള്ളം ശരീരത്തിൽ വീഴൂന്നത് ജാഗ്രതയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുമെന്നും ഉന്മേഷം പ്രദാനം ചെയ്യുമെന്നും ചില പഠനങ്ങളും സൂചിപ്പിക്കുന്നു. ഇത് ചർമത്തിൽ പതിക്കുമ്പോൾ ശരീരത്തിന് ഒരു ‘കോൾഡ് ഷോക്ക്’ പ്രതികരണം ഉണ്ടാക്കും. ഇത് വേഗത്തിലുള്ള ശ്വസനം, ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും ചെറിയ വർധനവും ഉണ്ടാക്കും.
തണുത്ത എക്സ്പോഷർ ഡോപമൈൻ, നോർപിനെഫ്രിൻ പോലുള്ള മാനസിക സമ്മർദം കുറക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉദ്ദീപനത്തിനും കാരണമാകുമെന്നും ഇത് മാനസികാരോഗ്യവും ശ്രദ്ധയും മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2025ൽ പ്രസിദ്ധീകരിച്ച ഒരു വിശകലനത്തിൽ തണുത്ത വെള്ളത്തിലുള്ള കുളി ആളുകളുടെ മാനസിക സമ്മർദം കുറയുകയും അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തുവെന്ന് കണ്ടെത്തി. എന്നാൽ, ഇതിൽ കൃത്യത വരുത്താൻ ഉയർന്ന നിലവാരമുള്ള പരീക്ഷണങ്ങൾ ഇനിയും ആവശ്യമാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
അതേസമയം, തണുത്ത ഷവർ എല്ലാവർക്കും അനുയോജ്യമല്ല. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ ഉള്ള ആർക്കും അവ അപകടകരമാവും. നിങ്ങൾക്ക് ഹൃദ്രോഗം, രക്തചംക്രമണ പ്രശ്നങ്ങൾ, റെയ്നൗഡ് സിൻഡ്രോം, ഗർഭിണികൾ, ജലദോഷം പോലുള്ള അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവർ ഇത് പരീക്ഷിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടണം.
രക്തക്കുഴൽ രോഗമുള്ളവർ, പ്രത്യേകിച്ച് രക്തചംക്രമണ പ്രശ്നങ്ങളും അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദവും ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.