ന്യൂഡൽഹി: സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിനും മരണത്തിനും വരെ കാരണമാകാവുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് യു.എസ് വിപണിയിൽ നിന്ന് ഇന്ത്യൻ കമ്പനിയുടെ കണ്ണിലിറ്റിക്കുന്ന മരുന്ന് പിൻവലിച്ചു. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത്കെയറിന്റെ ഇസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ലൂബ്രിക്കന്റ് ഐ ഡ്രോപ്പാണ് പിൻവലിച്ചത്.
മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ ഐ ഡ്രോപ്സിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന യു.എസിലെ ആരോഗ്യ സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഈ ബാക്ടീരിയ സ്ഥിരമായ അന്ധതക്ക് ഇടയാക്കുമെന്നും രക്ത പ്രവാഹത്തിൽ ബാക്ടീരിയ അണുബാധയുണ്ടാക്കിയതുമൂലം മരണം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഐ ഡ്രോപ്പിന്റെ തുറക്കാത്ത ബോട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കാനൊരുങ്ങുകയാണെന്ന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
മരുന്നിൽ വിഷാംശം ഉണ്ടാകാൻ സാധ്യത കണ്ട് കമ്പനി സ്വയം തന്നെ ഇസ്രി കെയർ ഐ ഡ്രോപ്പ് പിൻവലിച്ചുവെന്നാണ് ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.