കുതിരകളില്‍നിന്ന് വികസിപ്പിച്ചെടുത്ത ആൻറിബോഡിയുടെ ക്ലിനിക്കല്‍ ട്രയലിന് അനുമതി

ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കായി കുതിരകളിൽ പരീക്ഷണം നടത്തി വികസിപ്പിച്ചെടുത്ത ആൻ്റിസെറയുടെ ക്ലിനിക്കൽ ട്രയലിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചു. കുതിരകളിൽ കൊറോണ വൈറസ് കുത്തിവെച്ചാണ് ആൻറിസെറ വികസിപ്പിച്ചെടുത്തത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോളജിക്കൽ ഇ ലിമിറ്റഡും ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്. കുതിരകളിൽ സജീവമല്ലാത്ത കോറോണ വൈറസ് കുത്തിവെച്ചായിരുന്നു പരീക്ഷണം.

പരീക്ഷണത്തി​െൻറ ഭാഗമായി പത്തു കുതിരകളിലാണ് സാർസ് കോവ് 2 കുത്തിവെച്ചത്. തുടർന്ന് 21 ദിവസത്തിന് ശേഷം പ്ലാസ്മ സാമ്പിളുകൾ പരിശോധനയ്ക്കായി സ്വീകരിച്ചു. ഇതിലാണ് ആൻറിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

കോവിഡ് 19നെതിരായ ആൻറിബോഡി ചികിത്സയാണ് ആൻ്റിസെറ ഉപയോഗിച്ച് നടക്കുക. പ്ലാസ്മ തെറാപ്പിയുടെ അതേ രീതിയിലാണ് ഇതി​െൻറയും പ്രവർത്തനം. കൊറോണ വൈറസ് കുത്തിവെച്ചതിന് ശേഷം അണുബാധയെ അതിജീവിച്ച കുതിരകളിൽ ആൻറിബോഡികൾ ഉളളതായി കണ്ടെത്തിയ കുതിരകളിൽ നിന്നാണ് ബ്ലഡ് പ്ലാസ്മ എടുത്തത്. എക്വിൻ ആൻറിസെറ എന്നറിയപ്പെടുന്ന കുതിരകളിൽ നിന്നുളള ആൻറിബോഡി സാധാരണയായി ഉപയോഗിക്കാറുള്ളതാണ്.

'ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്ന് ഐ സി.എം.ആർ കുതിരകളിൽ നിന്ന് ഒരു ആൻറിസെറ വികസിപ്പിച്ചെടുത്തിരുന്നു. അതി​െൻറ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നതിനുളള അനുമതി ലഭിച്ചിട്ടുണ്ട്' - ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

ഇത് മനുഷ്യരിൽ സുരക്ഷിതവും ഫലപ്രദവുമാണോയെന്നറിയുന്നതിനായി ഹ്യൂമൻ ക്ലിനിക്കൽ ട്രയലുകൾ നടത്താനുള്ള ഒരുക്കത്തിലാണ്. നിർദിഷ്ട ആന്റിജെനുകൾക്കെതിരായി ഉയർന്ന ആൻറിബോഡികൾ ഉളള ബ്ലഡ് സെറമാണ് ആൻറിസെറ. പ്രത്യേക അണുബാധകൾക്കെതിരായി പോരാടുന്നതിന് വേണ്ടി ഇത് കുത്തിവെക്കുകയാണ് ചെയ്യുകയെന്ന് ഐ.സി.എം.ആറിലെ വിദഗ്ധർ വ്യക്തമാക്കി.

Tags:    
News Summary - Horse serum may be used for COVID-19 treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.