എബോള പ്രതിരോധം: കോംഗോയിൽ ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ ആരംഭിച്ചു

കിൻഷാസ: എബോള പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോംഗോയിൽ ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ ആരംഭിച്ചു. കിഴക്കൻ കോംഗോയിലെ കിസംഗാനി നഗരത്തിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യ വാക്‌സിനേഷൻ നൽകിയത്. നിലവിൽ 50,000-ത്തിലധികം വാക്സിൻ ഡോസുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ വ്യക്തമാക്കി. കൂടുതൽ വാക്സിൻ ഡോസുകൾ വേണമെന്ന ആവശ്യം ആരോഗ്യപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് എബോള വ്യാപിച്ചിട്ടുള്ളത്. ഇത് ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഇറ്റൂരിക്ക് ചുറ്റുമുള്ള പ്രവിശ്യകളിലേക്ക് ഘട്ടംഘട്ടമായി വാക്സിനേഷൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കോംഗോയിൽ ഉപയോഗിക്കുന്നതിനായി 70,000 എർവെബോ ഡോസുകൾക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. ഇതിൽ ഏകദേശം 20,000 ഡോസുകൾ പുതിയ വൈറസ് വകഭേദത്തിനെതിരായ ക്ലിനിക്കൽ പരീക്ഷണത്തിനായി മാറ്റിവെക്കും. എബോള വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും 2014–2016 കാലയളവിനെ അപേക്ഷിച്ച് രോഗബാധയെ മറികടക്കാൻ സാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോംഗോയിൽ 5,713 എബോള കേസുകളും 2,744 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ നൽകുന്ന എർവെബോ വാക്‌സിൻ എബോളയുടെ പുതിയ വകഭേദത്തിന് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇത് എബോളയുടെ മറ്റൊരു വകഭേദത്തിന് ലൈസൻസ് ചെയ്തിട്ടുള്ളതാണ്. എബോളയുടെ പുതിയ വകഭേദമായ ബുണ്ടിബുഗ്യോക്ക് അംഗീകൃത വാക്‌സിനോ ചികിത്സയോ നിലവിൽ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ വാക്സിൻ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - congo begins ebola vaccinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.