ന്യൂഡൽഹി: അർബുദ ചികിത്സക്കുള്ള കീമോതെറപ്പി മരുന്നുകൾക്ക് മിക്ക രാജ്യങ്ങളിലും നിലവാരമില്ല. നൂറിലധികം രാജ്യങ്ങളിലെ മരുന്നുകളാണ് നിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഇത് രോഗികളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മരുന്നിന്റെ ഫലപ്രാപ്തിയില്ലായ്മക്ക് പുറമെ, പാർശ്വഫല സാധ്യതകളും ഇത്തരം മരുന്നുകളുണ്ടാക്കുമെന്ന് ‘ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം’ (ടി.ബി.ഐ.ജെ) വെളിപ്പെടുത്തി.
മാറിട, ഗർഭാശയ കാൻസറിനും രക്താർബുദത്തിനും കുറിക്കുന്ന മരുന്നുകൾ ഈ പട്ടികയിലുണ്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ, ഈ മരുന്നുകൾ നേപ്പാൾ, ഇത്യോപിയ, യു.എസ്, യു.കെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിട്ടുണ്ട്. യു.എസിലെ ‘യൂനിവേഴ്സിറ്റി ഓഫ് നോത്ര് ദാ’മിൽ നടത്തിയ ഗവേഷണം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഇവർ അർബുദ മരുന്നുകളുടെ 189 സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. ഇതിൽ അഞ്ചിലൊന്നും നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഏറ്റവും മോശം നില കാണിച്ചത് ഇന്ത്യൻ കമ്പനിയായ ‘വീനസ് റെമഡീസി’ന്റെ മരുന്നാണ്. കമ്പനിയുടെ സൈക്ലോഫോസ്ഫാമൈഡിന്റെ എട്ട് സാമ്പിളുകളും പരിശോധന കടന്നില്ല. എന്നാൽ, കമ്പനി ഈ ആരോപണം നിഷേധിച്ചു. പരിശോധന ഫലത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കമ്പനി പറയുന്നു. തങ്ങളുടെ മരുന്നുകൾ കൃത്യമായ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നതും ഇതുവരെ പരാതി ലഭിക്കാത്തതുമാണെന്നും അവർ തുടർന്നു. വിതരണത്തിനിടെ മരുന്ന് സൂക്ഷിക്കുന്നതിലെ പിഴവുകൾ നിലവാരമില്ലായ്മക്ക് കാരണമാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ളതാകാം ഗവേഷകർ എടുത്ത സാമ്പിളുകളെന്ന് വീനസ് മാനേജ്മെന്റ് പറഞ്ഞു. വീനസ് ഉൾപ്പെടെ മൂന്ന് കമ്പനികളാണ് ഗവേഷണത്തിന്റെ രീതിശാസ്ത്രം ചോദ്യം ചെയ്തത്. എന്നാൽ, തങ്ങൾ പിന്തുടർന്നത് ഈ രംഗത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മറിയ ലീബെർമാൻ പറഞ്ഞു.
നിലവാര പരിശോധനയിൽ പരാജയപ്പെട്ട രണ്ടു കമ്പനികളായ ‘സുവിയസ് ലൈഫ് സയൻസ’സും ‘ജി.എൽ.എസ് ഫാർമ’യും തങ്ങളുടെ മരുന്നുകൾ 40ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകൾ നിർമിച്ച 17 കമ്പനികളിൽ 16ഉം ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്.
ചില മരുന്നുകളിൽ അതിൽ ഉണ്ടായിരിക്കേണ്ട ഘടകത്തിന്റെ അംശം വളരെ കുറവാണ്. ഇത് രോഗിക്ക് മരുന്നേ നൽകാത്ത അവസ്ഥക്ക് തുല്യമാണെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. ചില മരുന്നുകളിൽ സജീവ ഘടകങ്ങളുടെ അമിത സാന്നിധ്യമുണ്ട്. ഇതാകട്ടെ ക്രമേണ രോഗികളുടെ ജീവൻതന്നെ അപകടത്തിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.