അവശ്യമരുന്നുകളുടെ ലഭ്യത: ട്രാക്കിങ് സംവിധാനവുമായി എൻ.പി.പി.എ

പാലക്കാട്: രാജ്യത്തുടനീളം അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) ട്രാക്കിങ് സംവിധാനം കൊണ്ടുവരുന്നു. പുതുതായി സൃഷ്ടിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിർമാതാക്കളും വിതരണക്കാരും മരുന്നുകളുടെ സ്റ്റോക്ക് വിവരം അപ്‌ഡേറ്റ് ചെയ്യും വിധമുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിനായി പ്രത്യേക ഏജൻസിയെ നിശ്ചയിക്കാൻ എൻ.പി.പി.എ താൽപര്യപത്രം പുറപ്പെടുവിപ്പിച്ചു.

കോവിഡ് മരുന്നുകളുടെ ലഭ്യത ട്രാക്കുചെയ്യുന്നതിൽ നേരിട്ട വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലതലം വരെയുള്ള വിതരണ ശൃംഖലയിലെ മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കുക, കുറവുണ്ടെങ്കിൽ അത് കണ്ടെത്തുക, പരിഹാര നടപടി സ്വീകരിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. കോവിഡ് സമയത്ത് മരുന്നുകൾ എവിടെ, എത്ര അളവിൽ ലഭ്യമാണെന്ന് അറിയാൻ കഴിയാത്തത് സർക്കാറിന് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം.

നിർമാതാക്കൾ, സി ആൻഡ് എഫ് ഏജന്‍റുമാർ, വിതരണക്കാർ, തിരഞ്ഞെടുത്ത ചില്ലറ വിൽപനക്കാർ തുടങ്ങിയവരിൽനിന്ന് മരുന്നുകളുടെ ഉൽപാദനം/വിൽപന/സ്റ്റോക്ക് ഡാറ്റ എന്നിവ എൻ.പി.പി.എ ചുമതലപ്പെടുത്തുന്ന ഏജൻസി ശേഖരിക്കും. ഡാറ്റ വിശകലനം ചെയ്യുന്നതും റിപ്പോർട്ട് സമർപ്പിക്കുന്നതും ഈ ഏജൻസിയായിരിക്കും. ട്രാക്ക് ചെയ്യേണ്ട മരുന്നിന്‍റെ എല്ലാ നിർമാതാക്കളെയും വിതരണക്കാരെയും ഏജൻസി ബന്ധിപ്പിക്കും.

ഓരോ ജില്ലയിലും കുറഞ്ഞത് അഞ്ച് പ്രമുഖ റീട്ടെയിലർമാരെയെങ്കിലും ശ്രംഖലയുടെ ഭാഗമാക്കും. ഇതിനായി നിർമാതാക്കളുമായും വിതരണക്കാരുമായും ധാരണപത്രമുണ്ടാക്കും. അവശ്യമരുന്നുകളുടെ ലഭ്യത നിരീക്ഷിക്കാൻ ഉതകുന്ന ഓപൺ സ്റ്റാൻഡേഡ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ദേശീയ ഫാർമ ഡാഷ്‌ബോർഡ് വികസിപ്പിക്കാൻ ഈ വിവരങ്ങൾ പ്രയോജനപ്പെടും.

Tags:    
News Summary - Availability of essential medicines: NPPA with tracking system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.