കൊല്ലം: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് ജില്ലയിൽ ശനിയാഴ്ച മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ നാലായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാലുപേർ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തതോടെ രോഗവ്യാപനം പൊതുജനാരോഗ്യ രംഗത്തും ജനങ്ങളിലുമുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പട്ടാഴി സ്വദേശിയായ 48 കാരിയാണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇവർ ശനിയാഴ്ചയാണ് മരിച്ചത്.
സെപ്റ്റംബർ 23ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്ത് 11 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ അമീബിക് മസ്തിഷ്കജ്വര മരണം കൂടിയാണ്. ഇതിനു മുമ്പ്, ഒക്ടോബർ ഒന്നിന് ജില്ലയിൽ ചിറക്കര ഇടവട്ടം സ്വദേശിയായ 63 കാരൻ രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. കാൻസർ ബാധിതനായിരുന്ന ഇയാളുടെ വീട്ടിലെ കിണറ്റിലെയും പൈപ്പിലെയും വെള്ളം പരിശോധിച്ചപ്പോൾ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേപോലെ, സെപ്റ്റംബർ 11ന് വെളിനല്ലൂർ സ്വദേശിയായ 91 കാരനും, ആഗസ്റ്റ് 24ന് ഇരവിപുരം സ്വദേശിയായ 31 കാരനും അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ജില്ലയിൽ പട്ടാഴി, പാലത്തറ, ചിറക്കര, മാങ്കോട് ചിതറ, നിലമേൽ, ചവറ, കടയ്ക്കൽ, വെളിനല്ലൂർ, പേരയം, പൊഴിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അടുത്തിടെ നടത്തിയ പരിശോധനയിൽ മൂന്നു കിണറുകളിലെ വെള്ളത്തിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ക്ലോറിനേഷൻ പ്രവർത്തനങ്ങളും ജാഗ്രതാ ക്യാമ്പയിനുകളും നടത്തുകയാണെങ്കിലും രോഗബാധ തുടരുന്നത് ആശങ്കയുയർത്തുന്നുണ്ട്. കടയ്ക്കൽ ആൽത്തറമൂട് സ്വദേശിയായ 43കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, അയാളുടെ വീട്ടിലെ കിണറിലും അടുത്തുള്ള ക്ഷേത്രക്കുളത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രോഗബാധിതൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ലോറിനേഷൻ അനിവാര്യം
മത്സ്യങ്ങൾ വളർത്തുന്ന ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്താൻ നാട്ടുകാർ തയാറാകാത്തത് പ്രതിരോധ നടപടികൾക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. മത്സ്യങ്ങളുള്ള കിണറ്റിൽ അമീബ വളരില്ല എന്ന ധാരണ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ തുടങ്ങിയ അമീബകൾ തലച്ചോറിനെ ബാധിക്കുന്നതാണ് അമീബിക് മസ്തിഷ്കജ്വരം. വെള്ളത്തിൽ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണു മൂക്കിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്.
ഈ രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കു പകരില്ല. രോഗബാധക്കുശേഷം ഒന്നുമുതൽ ഒമ്പത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ശക്തമായ പനി, ഛർദി, തലവേദന, അപസ്മാരം, തുടർന്ന് അബോധാവസ്ഥ, മരണത്തിലേക്കും പോകാം. ആരോഗ്യവകുപ്പും ജനങ്ങളും മുന്നൊരുക്കം സ്വീകരിക്കണം, കിണറുകളിലും ജലാശയങ്ങളിലും സ്ഥിരമായി ക്ലോറിനേഷൻ നടത്താനും മലിനജലത്തിൽ നീന്തൽ ഒഴിവാക്കാനും വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.