നാഷനൽ ക്വിറ്റ്‌ലൈൻ സർവിസ്; കഴിഞ്ഞ പത്തുവർഷത്തിനിടെ പുകയില മുക്തരായത് 2.32 ലക്ഷം പേർ -കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പുകയില വിരുദ്ധ ക്വിറ്റ്‌ലൈൻ സേവനം (എൻ.ടി.ക്യൂ.എൽ.എസ്) വഴി കഴിഞ്ഞ 10 വർഷത്തിനിടെ പുകയില ശീലം ഉപേക്ഷിച്ചത് 2.32 ലക്ഷത്തിലധികം ആളുകളെന്ന് കണക്കുകൾ. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ 18-24 പ്രായപരിധിയിലുള്ള 91,933 യുവാക്കളാണ് പുകയില പൂർണമായും ഉപേക്ഷിച്ചവരിൽ ഭൂരിഭാഗവും.

ഡൽഹി സർവകലാശാലയിലെ വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന ഈ ടോൾ ഫ്രീ ക്വിറ്റ്‌ലൈൻ സേവനം (1800-11-2356) 2016 മേയ് 30നാണ് ആരംഭിച്ചത്. ലഭ്യമായ വിവരങ്ങൾ പ്രകാരം 2016 മേയ് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ ഐ.വി.ആർ സംവിധാനത്തിലൂടെ 99.31 ലക്ഷം കോളുകളാണ് ക്വിറ്റ്‌ലൈന് ലഭിച്ചത്. ഇതിൽ 19.92 ലക്ഷം ഇൻബൗണ്ട് കോളുകൾ കൈകാര്യം ചെയ്യുകയും 46.88 ലക്ഷം ഔട്ട്ബൗണ്ട് കോളുകൾ കൗൺസിലർമാർ തിരിച്ചുവിളിക്കുകയും ചെയ്തു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത 6.75 ലക്ഷം ഉപയോക്താക്കളിൽ 2,32,870 പേർ വിജയകരമായി പുകയില ഉപയോഗം നിർത്തിയിട്ടുണ്ട്. 34.46 ശതമാനമാണ് നിലവിലെ ക്വിറ്റ് റേറ്റ്.

"ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 267 ദശലക്ഷം പേർ. പുകയില ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഭാഷയോ സാമ്പത്തികമോ നോക്കാതെ സൗജന്യമായി വിദഗ്ധ സേവനം ഉറപ്പാക്കാൻ ഈ സംവിധാനത്തിന് സാധിച്ചുവെന്ന് പദ്ധതിയുടെ കോഓർഡിനേറ്ററായ ഡോ. രാജ് കുമാർ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തതും പുകയില ഉപേക്ഷിച്ചതും ഉത്തർപ്രദേശിലാണ്. യു.പിയിൽനിന്ന് 2,09,964 പേർ രജിസ്റ്റർ ചെയ്തപ്പോൾ 69,683 പേർ വിജയകരമായി പുകയില ശീലം നിർത്തി. 2021ലാണ് ആദ്യമായി രജിസ്ട്രേഷൻ നിരക്ക് ഒരു ലക്ഷം കടന്നത് (1,28,809 പേർ). അതിനുശേഷം പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം കൗൺസിലിങ് സെഷനുകളാണ് നടക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തോട കിടപിടിക്കുന്ന മികച്ചൊരു പൊതുജനാരോഗ്യ മാതൃകയാണിതെന്ന് നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പ്രസിഡന്റ് ഡോ. ദിഗംബർ ബെഹ്റയും പ്രമുഖ പൾമണോളജിസ്റ്റ് ഡോ. എ.കെ ജൻമേജയും അഭിപ്രായപ്പെട്ടു.

സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന തലങ്ങളിൽ പ്രത്യേക ക്വിറ്റ്‌ലൈനുകൾ ആരംഭിക്കണമെന്നും, മെഡിക്കൽ-നഴ്സിങ് കോളേജുകളിൽ ഇതിനായുള്ള പരിശീലനം നൽകണമെന്നും ഡോ. രാജ് കുമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - 2.32 lakh people have quit smoking in the last ten years through the National Quitline Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.