നിർജ്ജീവമാക്കിയ എംപോക്സ് വൈറസ് വിമാനത്തിൽ കടത്താൻ ശ്രമം; അമേരിക്കയിൽ രണ്ട് ശാസ്ത്രജ്ഞർ പിടിയിൽ

വാഷിങ്‌ടൺ: ആഫ്രിക്കയിൽ നിന്നും നിർജ്ജീവമാക്കിയ എംപോക്സ് വൈറസ് വിയലുകൾ അനധികൃതമായി അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസെടുത്തു. മൊണ്ടാനയിലെ ഹാമിൽട്ടണിലുള്ള റോക്കി മൗണ്ടൻ ലബോറട്ടറിയിലെ വൈറസ് ഇക്കോളജി വിഭാഗം മേധാവി വിൻസെന്റ് മുൻസ്റ്റർ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ക്ലോഡ് ക്വേ എന്നിവർക്കെതിരെയാണ് ഡെട്രോയിറ്റിലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ജനുവരിയിൽ പാരീസിൽ നിന്ന് മടങ്ങി വന്നപ്പോഴാണ് വിൻസെന്റ് മുൻസ്റ്ററും ക്ലോഡ് ക്വേയും ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളത്തിൽ വെച്ച് അധികൃതരുടെ പിടിയിലായത്. ആഫ്രിക്കയിലെ കോംഗോയിൽ ഒമ്പത് ദിവസത്തെ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു ഇവർ. കോംഗോയിൽ എംപോക്സ് രോഗബാധ മൂലം 2,000ത്തിലധികം പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇവരുടെ സന്ദർശനം.

വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ ജൈവ സാമ്പിളുകളോ മറ്റ് വസ്തുക്കളോ കൈവശമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും മുൻസ്റ്റർ ഇത് ശക്തമായി നിഷേധിച്ചു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശം നിർജ്ജീവമാക്കിയ എംപോക്സ് വൈറസ് അടങ്ങിയ കുപ്പികൾ കണ്ടെടുത്തു. ഇതേക്കുറിച്ച് അധികൃതരോട് വെളിപ്പെടുത്താനോ ആവശ്യമായ അനുമതി വാങ്ങാനോ ഇവർ തയാറായിരുന്നില്ല.

തന്റെ കൈവശം ആവശ്യമായ രേഖകളുണ്ടെന്നും, എന്നാൽ അവ കാണിക്കേണ്ട ആവശ്യമില്ലെന്നും മുൻസ്റ്റർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി എഫ്.ബി.ഐ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ‘ഞാൻ ഇതൊക്കെ എപ്പോഴും ചെയ്യുന്ന കാര്യമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്നും അധികൃതരുടെ കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമായിരുന്നു ഇതെന്നും എഫ്.ബി.ഐ വ്യക്തമാക്കി.

അനുമതിയില്ലാതെ ജൈവ വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് പൊതുജനവിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യമാണെന്നും, ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഇൻസ്‌പെക്ടർ ജനറൽ മാർക്കസ് സൈക്സ് പറഞ്ഞു. ഈ വൈറസ് എന്തിനാണ് തങ്ങളുടെ ലബോറട്ടറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് എന്നതിനെക്കുറിച്ച് ഔദ്യോഗിക രേഖകളിൽ പരാമർശമില്ല. എന്നാൽ എംപോക്സ് വൈറസിനെക്കുറിച്ച് വർഷങ്ങളായി പഠനം നടത്തുന്ന വൈറോളജിസ്റ്റുകളാണ് ഇരുവരും. ഇവർ ബുധനാഴ്ച മൊണ്ടാനയിലെ ഫെഡറൽ കോടതിയിൽ ഹാജരാകുമെന്നാണ് വിവരം.

എന്താണ് എംപോക്സ്?

1958ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. മുമ്പ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന ഈ രോഗം പ്രധാനമായും മധ്യ-പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കണ്ടുവന്നിരുന്നത്. പനി, ശരീരത്തിൽ കുമിളകൾ ഉണ്ടാകുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 2022ൽ ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകമെമ്പാടുമുള്ള 70ലധികം രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - 2 scientists charged with bringing deactivated mpox virus into US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.