പല്ല് മുളപ്പിക്കുന്ന ജപ്പാൻ വിദ്യ

പാൽപ്പല്ല് പറിച്ചുകളയുന്നതും പകരം പുതിയ പല്ല് വരുന്നതുമൊക്ക നമുക്ക് സന്തോഷമുള്ള കാര്യമാണ്. പുതുതായി വന്ന പല്ല് കേടാവുകയോ പോവുകയോ ചെയ്താലോ? അങ്ങനെ സംഭവിച്ചാൽ ഏതെങ്കിലും ഡെന്റിസ്റ്റിനടുത്തുപോയി കൃത്രിമ പല്ലും ഇംപ്ലാന്റുമൊക്കെ വേണ്ടിവരും. എന്നാൽ, ഒരിക്കൽ പല്ല് പോയാൽ വീണ്ടും അതേ സ്ഥാനത്ത് പുതിയ പല്ല് വരുകയാണെങ്കിലോ? നിലവിലെ നമ്മുടെ ധാരണ അനുസരിച്ച് അതിന് സാധ്യതയില്ല. എന്നാൽ, ജപ്പാനിലെ ഒരുകൂട്ടം ഗവേഷകർ പറയുന്നത് അത് അസാധ്യമല്ല എന്നാണ്. പല്ല് മുളപ്പിക്കാനുള്ള വിദ്യ നമ്മുടെ ശരീരംതന്നെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആ രഹസ്യം അവർ കണ്ടെത്തിയിരിക്കുന്നു.

ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ നിർണായകമായ ഈ പരീക്ഷണത്തിന് പിന്നിൽ. പുതിയ പല്ലായി രൂപപ്പെടാന്‍ കഴിയുന്ന ടൂത്ത് ബെഡുകൾ നമ്മുടെ ശരീരത്തിലുണ്ട് എന്നതാണ് യാഥാർഥ്യം. എന്നാൽ, യു.എസ്.എ.ജി -1 (യൂട്ടറൈന്‍ സെന്‍സിറ്റൈസേഷന്‍ അസോസിയേറ്റഡ്‌ ജീന്‍) ഇന്‍ഹിബിറ്റര്‍ പ്രോട്ടീൻ ഈ ടൂത്ത് ബഡുകളെ സജീവമാക്കാൻ അനുവദിക്കുന്നില്ല. അതുകാരണമാണ്, വീണ്ടും പല്ല് മുളക്കാത്തത്. അപ്പോൾ ഈ പ്രോട്ടീനെ തൽക്കാലത്തേക്ക് തടഞ്ഞാൽ നിർജീവമായ ടൂത്ത് ബഡുകൾ സജീവമാവുകയും ആവശ്യമെങ്കിൽ പല്ലായി രൂപപ്പെടുകയും ചെയ്യും. ഇതിന് സഹായിക്കുന്ന ചില മരുന്നുകൾ ഗവേഷകർ വികസിപ്പിച്ചു. അത് മൃഗങ്ങളിൽ പരീക്ഷിച്ചപ്പോൾ വിജയിക്കുകയും ചെയ്തു. ഇപ്പോൾ അത് മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

2024ലാണ്‌ മനുഷ്യരിലെ ഈ മരുന്നിന്റെ പരീക്ഷണം ആരംഭിച്ചത്‌. ജന്മനാല്‍തന്നെ പല്ലുണ്ടാകാത്ത തരം രോഗമുള്ളവരിലാണ്‌ ആദ്യഘട്ടമായി പരീക്ഷിച്ചത്‌. ജാപ്പനീസ്‌ ബയോ ടെക്‌നോളജി കമ്പനിയായ ടൊറേഗം ബയോഫാര്‍മയാണ്‌ മരുന്ന്‌ വികസിപ്പിച്ചത്‌. 2030ഓടെ പരീക്ഷണം പൂര്‍ത്തിയാക്കി ഈ മരുന്ന്‌ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - Japanese method of growing teeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.