പ്രതീകാത്മക ചിത്രം

യുഗാണ്ടയിൽ വീണ്ടും എബോള ഭീതി; ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കമ്പാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ എബോള വൈറസ് രോഗബാധ വീണ്ടും സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം എബോള കേസുകളുടെ എണ്ണം 15 ആയി ഉയർന്നു. രോഗബാധ നിയന്ത്രണവിധേയമാക്കാൻ ആരോഗ്യ അധികൃതർ ഊർജിത ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 12 രോഗികൾ ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. രണ്ടുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മെയ് മാസത്തിലാണ് രാജ്യത്ത് എബോള പൊട്ടിപ്പുറപ്പെട്ടതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദേശത്തുനിന്ന് വന്നവരിൽ രോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 668 പേരെ ആരോഗ്യ വകുപ്പ് കർശനമായി നിരീക്ഷിച്ച് വരികയാണ്. എബോളയുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ സേവന ഡയറക്ടർ ജനറൽ ചാൾസ് ഒലാറോ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നേരത്തെ ചികിത്സ തേടിയാൽ രോഗം ഭേദമാകാനും ജീവൻ രക്ഷിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എബോളയെ പ്രതിരോധിക്കാൻ ആഫ്രിക്കക്ക് കരുത്തുപകരാൻ ഇന്ത്യ വലിയ സഹായങ്ങളാണ് നൽകുന്നത്. ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് (Africa CDC) ആവശ്യമായ രണ്ടാമത്തെ ഗഡു മരുന്ന് സഹായം ഇന്ത്യ അയച്ചു കഴിഞ്ഞു. 43 ടൺ ഭാരമുള്ള ഈ മെഡിക്കൽ സഹായത്തിൽ സുരക്ഷാ കവചങ്ങൾ, രോഗനിർണ്ണയത്തിനുള്ള ഉപകരണങ്ങൾ, അത്യാവശ്യ മരുന്നുകൾ, പോഷക സപ്ലിമെന്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഈ സഹായം ആഫ്രിക്കയിലെ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും എബോളയെ നേരിടാനുള്ള ആഫ്രിക്കയുടെ ശേഷി വർധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിലൂടെ അറിയിച്ചു. ഇതിനു മുമ്പ് മെയ് 24നും അടിയന്തര മെഡിക്കൽ സാമഗ്രികളുടെയും സുരക്ഷാ കിറ്റുകളുടെയും ആദ്യ ബാച്ച് ഇന്ത്യ ആഫ്രിക്കയിലേക്ക് അയച്ചിരുന്നു. ലോകാരോഗ്യ സംഘടനയുമായും മറ്റ് അന്താരാഷ്ട്ര ഏജൻസികളുമായും സഹകരിച്ച് എബോള വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് യുഗാണ്ടൻ സർക്കാർ. രോഗനിരീക്ഷണം, സമ്പർക്ക പട്ടിക തയാറാക്കൽ, പൊതുജന അവബോധം എന്നിവക്കെല്ലാം അധികൃതർ വലിയ മുൻഗണനയാണ് നൽകുന്നത്.

Tags:    
News Summary - Ebola Cases In Uganda Rise To 15 After 6 New Confirmed Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.