പ്രതീകാത്മക ചിത്രം

എബോള ജാഗ്രത: വിമാനക്കമ്പനികൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ഡി.ജി.സി.എ

ലോകാരോഗ്യ സംഘടന എബോള വൈറസ് വ്യാപനം മൂലം അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ വിമാനക്കമ്പനികൾക്കായി പുതിയ സുരക്ഷാ നിയമങ്ങൾ പുറത്തിറക്കി. നിലവിൽ എബോള പടർന്നുപിടിക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന എയർലൈനുകൾക്കാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

അതിവേഗം പടരുന്ന ഈ മാരക വൈറസ് ഇന്ത്യൻ അതിർത്തികൾ കടക്കാതിരിക്കാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ശക്തമായ പ്രതിരോധ പ്രോട്ടോക്കോളുകൾ നടക്കുന്നുണ്ട്. ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ കണക്റ്റിങ് ഫ്ലൈറ്റുകൾ വഴിയോ വരുന്ന വിമാന സർവീസുകളിൽ കർശനമായ പരിശോധനകൾ ഉറപ്പാക്കേണ്ടതുണ്ട്. യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപായി ഡിജിറ്റൽ രൂപത്തിലോ അല്ലാതെയോ ഉള്ള ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ നിർബന്ധമായും പൂരിപ്പിച്ചു വാങ്ങാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കിടയിൽ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനും വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ആരോഗ്യപ്രശ്നങ്ങൾ സ്വയം അറിയിക്കാൻ പ്രത്യേക അനൗൺസ്‌മെന്റുകൾ വിമാനത്തിനുള്ളിൽ നടത്തണം. കടുത്ത പനി, കടുത്ത ക്ഷീണം, പേശി വേദന, കഠിനമായ തലവേദന, തൊണ്ടവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന യാത്രക്കാർ ഉടൻ തന്നെ അത് കാബിൻ ക്രൂവിനെയോ, എമിഗ്രേഷൻ ഉദ്യോഗസ്ഥരെയോ, എയർപോർട്ടിലെ മെഡിക്കൽ അധികൃതരുടേയോ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

ഇന്ത്യയിൽ എത്തി 21 ദിവസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ യാത്രക്കാർ ഉടൻ തന്നെ സർക്കാർ ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിക്കണം. ഈ വിവരം ബന്ധപ്പെട്ട എയർപോർട്ട് ഹെൽത്ത് ഓഫീസിൽ അറിയിക്കണമെന്നും ഡി.ജി.സി.എ വ്യക്തമാക്കിയിട്ടുണ്ട്. ഇനി യാത്രാമധ്യേ ഏതെങ്കിലും യാത്രക്കാരന് എബോളക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ അവരെ കൈകാര്യം ചെയ്യുന്നതിനായി കർശനമായ ഐസൊലേഷൻ മാർഗ്ഗരേഖയും ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയെ ഉടൻ തന്നെ വിമാനത്തിന്റെ ഏറ്റവും പിന്നിലെ സീറ്റിലേക്ക് മാറ്റുകയും സാധ്യമെങ്കിൽ അവരുടെ തൊട്ടടുത്ത സീറ്റുകളും മുന്നിലെ മൂന്ന് വരി സീറ്റുകളും ഒഴിഞ്ഞിട്ടിരിക്കുകയും വേണം. ഇതിനൊപ്പം വിമാനങ്ങളിലെ മെഡിക്കൽ സ്റ്റോക്കുകൾ പരിശോധിച്ച് ട്രിപ്പിൾ ലെയർ സർജിക്കൽ മാസ്കുകൾ, ഡിസ്പോസിബിൾ ഗ്ലൗസുകൾ, പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് കിറ്റുകൾ, സാനിറ്റൈസറുകൾ, ബയോ-ഹസാർഡ് ഡിസ്പോസൽ ബാഗുകൾ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പുവരുത്താനും വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Ebola Alert: DGCA Issues Strict Safety Guidelines to Airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.