നിരാശയും സങ്കടവും കുറ്റബോധവുമെല്ലാം പിടിവിടുന്ന അവസ്ഥയിൽ കിടക്കയിലേക്കുവീണ് തലയിണയിൽ മുഖമമർത്തി അലറിവിളിക്കുന്നത് പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. ആളുകളെന്ത് കരുതുമെന്ന ചിന്തയില്ലാതെ മനസ്സിലെ വികാരം ഇങ്ങനെ പ്രകടിപ്പിക്കുന്നത് സമ്മർദത്തിന്റെ ആഘാതം കുറക്കുമെന്ന് അഭിപ്രായവുമുണ്ട്.
അതെന്തായാലും പൊതു ഇടത്തിൽ പ്രകടിപ്പിക്കാനാകാത്ത ഇത്തരം തീവ്രവികാരങ്ങൾ ഇറക്കിവെക്കാൻ തലയിണകൾ പലർക്കും സഹായകരമാണ്. ശരീരത്തിൽ നിന്ന് അഴുക്ക് കഴുകിക്കളയുന്നപോലെ ഒരു ‘ഇമോഷനൽ ഹൈജീൻ’ നമുക്ക് ആവശ്യമാണെന്നും കടുത്ത വൈകാരിക സമ്മർദങ്ങൾ മനസ്സിൽ നിന്ന് പുറത്തുപോകേണ്ടത് അനിവാര്യമാണെന്നും റിലേഷൻഷിപ്പ് സൈക്കോളജിസ്റ്റ് റോഹ്നി റോഹ്റ അഭിപ്രായപ്പെടുന്നു.
അടക്കിപ്പിടിച്ച മാനസിക സമ്മർദങ്ങൾ കൂടിക്കൂടി വരുമ്പോൾ അത് ആളുകളെ വല്ലാത്ത അവസ്ഥയിലെത്തിക്കും. ഒരു പില്ലോയിൽ അലറിക്കരഞ്ഞാൽ ആ വികാരത്തള്ളിച്ചക്ക് അൽപം ആശ്വാസം ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ‘‘അലറുന്ന ശാരീരിക പ്രവൃത്തി നിങ്ങളുടെ ഡയഫ്രത്തെയും സുപ്രധാന പേശികളെയും സജീവമാക്കുന്നു. വികാരങ്ങൾ അടക്കിപ്പിടിക്കുമ്പോളുണ്ടാകുന്ന ശാരീരിക പിരിമുറുക്കം ഇതു വഴി കുറയുന്നു.’’- സൈക്കോതെറപ്പിസ്റ്റ് ഡോ. ചാന്ദ്നി തുഗ്നൈറ്റ് വിശദീകരിക്കുന്നു.
വൈകാരിക സമ്മർദം അകറ്റാൻ അലറിവിളിക്കൽ ഒരു ഉപായമായി വിദഗ്ധർ നിർദേശിച്ചുതുടങ്ങിയതോടെ ‘അലറൽ പില്ലോ’കളും വിപണിയിലെത്തിയിട്ടുണ്ട്. Screaming Pillow എന്ന പേരിൽ ഓൺലൈൻ സ്റ്റോറുകൾ തലയിണകൾ വിൽക്കാൻ വെച്ചിട്ടുണ്ട്. ഹൈഡെൻസിറ്റി ഫോം കൊണ്ട് നിർമിച്ച ഇത്തരം തലയിണകൾക്ക് ശബ്ദം പുറത്തുവിടാതെ തടയാൻ കഴിയുമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.