2019ൽ മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കാൻസർ രോഗി ലോകത്തിന് പ്രതീക്ഷയാകുന്നു

ലണ്ടൻ: കാൻസർ ബാധിച്ച് മാസങ്ങൾക്കുള്ളിൽ മരണം പ്രവചിക്കപ്പെട്ട ഇന്ത്യൻ വംശജ രോഗത്തെ അതിജീവിച്ച് പ്രതീക്ഷയാകുന്നു. യു.കെയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ സ്താർബുദത്തിന്റെ എല്ലാ തെളിവുകളും അവരിൽ നിന്ന് മാഞ്ഞുപോയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നാഷനൽ ഹെൽത്ത് സർവീസിന്റെ പരിശോധനയിൽ വിജയിച്ചതോടെ മഞ്ചസ്റ്ററിലെ 51 കാരിയായ ജാസ്മിൻ ഡേവിഡ് വരുന്ന സെപ്തംബറിൽ 25ാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ​ഓഫ് ഹെൽത്ത് ആന്റ് കെയർ റിസർച്ചും എൻ.എച്ച്.എസ് ഫൗണ്ടേഷനിലെ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയും ചേർന്ന് നടത്തിയ പരീക്ഷണങ്ങളിലാണ് ജാസ്മിനിൽ നിന്ന് ​കാൻസർ കോ​ശങ്ങളെ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത്. എല്ലാ മൂന്ന് ആഴ്ച കൂടുമ്പോഴും ഇമ്മ്യൂണോതെറാപ്പി മരുന്നായ അറ്റ്സോളിസുമാബും ഒരു പരീക്ഷണ മരുന്നും ​ചേർത്ത് ഞരമ്പിലൂടെ കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്.

കാൻസർ ബാധിച്ച് ആദ്യ ചികിത്സക്ക് ശേഷം രോഗം മാറി എല്ലാം മറന്ന് ജീവിക്കുകയായിരുന്നു താനെന്ന് ജാസ്മിൻ പറഞ്ഞു. എന്നാൽ 15 മാസത്തിനു ശേഷം രോഗം വീണ്ടും വന്നു. ഇത്തരമൊരു പരീക്ഷണത്തിന് വിധേയമാകാൻ താൽപര്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ ഇത് വിജയിക്കും എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ അടുത്ത തലമുറക്ക് എ​െന്റ ശരീരം കൊണ്ട് ഉപകാരമുണ്ടാകുമെങ്കിൽ അതാകട്ടെ എന്ന് കരുതി. ആദ്യം എനിക്ക് രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. ശക്തമായ തലവേദനയും പനിയും മൂലം കുറച്ച് കാലം ആശുപത്രിയിലായി. പിന്നീട് പതുക്കെ ചികിത്സയോട് പ്രതികരിക്കാൻ ആരംഭിച്ചു - ജാസ്മിൻ പറഞ്ഞു.

2017 നവംബറിലാണ് സ്തനാർബുദത്തിന്റെ മാരകമായ ട്രിപ്പ്ൾ നെഗറ്റീവ് ഫോമാണ് തിനക്കെന്ന് ജാസ്മിൻ തിരിച്ചറിഞ്ഞത്. ശേഷം ആറുമാസം കീമോതെറാപ്പിയും 2018 ഏപ്രിലിൽ സ്തനശസ്ത്രക്രിയയും തുടർന്ന് 15 തവണകളായി റേഡിയോതെറാപ്പിയും നടത്തി. അതോടെ കാൻസർ വിമുക്തയായി.

എന്നാൽ 2019ൽ കാൻസർ വീണ്ടുംവന്നു. അപ്പോൾ അത് ശരീരത്തിലെ പലഭാഗങ്ങളെയും ബാധിച്ചിരുന്നു. അവരുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ശ്വാസകോശം, ലിംഫുകൾ, വാരിയെല്ലുകൾ എന്നിവിടങ്ങളിലാണ് രോഗം ബാധിച്ചിരുന്നത്. ഒരു വർഷത്തിൽ കുറഞ്ഞ ആയുസ് മാത്രമാണ് ഡോക്ടർമാർ അന്ന് പ്രവചിച്ചത്.

മറ്റ് സാധ്യതകളെല്ലാം അടഞ്ഞ സ്ഥിതിക്ക് ഭർത്താവ് ഡേവിഡാണ് മരുന്ന് പരീക്ഷണത്തിന്റെ ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ പ​ങ്കെടുക്കാനുള്ള സാധ്യതയെ കുറിച്ച് പറയുന്നതെന്ന് ജാസ്മിൻ പറഞ്ഞു.

2020 ഫെബ്രുവരിയിൽ ഞാൻ 50 ാമത് പിറന്നാൾ ആഘോഷിച്ചു. ചികിത്സക്കിടെയായിരുന്നു ആഘോഷം. എന്താണ് ഭാവിയെന്ന് അപ്പോഴും തീർച്ചയില്ലായിരുന്നു. രണ്ടര വർഷങ്ങൾക്ക് മുമ്പ് എന്റെ അവസാനമാ​ണെന്ന് ഞാൻ കരുതി. ഇപ്പോൾ പുനർജനിച്ച സന്തോഷമാണുള്ളത് - ജാസ്മിൻ ഡേവിഡ് കൂട്ടിച്ചേർത്തു.

2021 ജൂണിലെ സ്കാനിങ്ങുകളിൽ തന്നെ അവരിൽ നിന്ന് കാൻസർ സെല്ലുകൾ അപ്രത്യക്ഷമായിരുന്നു. അവർ കാൻസർ വിമുക്തയായതായി കണ്ടു. 2023 ഡിസംബർ വരെ ചികിത്സ തുടരേണ്ടതുണ്ട്. എന്നാൽ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇതുവരയെും കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - A cancer patient is the hope of the world whose death predicted by doctors in 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.