ഡൽഹിയിൽ വന്ധ്യതാ പരിശോധനക്കെത്തിയ 26കാരന് ഗർഭപാത്രം; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ന്യൂഡൽഹി: വന്ധ്യതാ ചികിത്സക്കായി ആശുപത്രിയിലെത്തിയ 26കാരന്റെ ശരീരത്തിൽ ഗർഭപാത്രവും ഫലോപ്യൻ ട്യൂബുകളും. ഡൽഹിയിലെ രാജൗരി ഗാർഡനിലെ ആർ.ജി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം (Persistent Mullerian Duct Syndrome- PMDS) എന്ന അപൂർവ ജനിതക അവസ്ഥ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ് ഏറ നാളുകൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് ചികിത്സ തേടിയത്. യുവാവിന്‍റെ ബീജത്തിൽ ബീജകോശങ്ങളുടെ അഭാവമുള്ളതായി കണ്ടെത്തിയിരുന്നു. യുവാവിന്‍റെ രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത നിലയിലായിരുന്നു. ഇതിന്റെ കാരണം കണ്ടെത്താനായി ഡോക്ടർമാർ സ്കാനിങ്ങുകളും പരിശോധനകളും നടത്തുകയായിരുന്നു. ഈ പരിശോധനകളിലാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത ചെറിയ ഗർഭപാത്രവും ഫലോപ്യൻ ട്യൂബുകൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.

മെഡിക്കൽ ഹിസ്റ്ററിയിൽ ഇതുവരെ 300ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണയായി ബാല്യകാലത്താണ് ഇത് കണ്ടെത്താറുള്ളത്. മുതിർന്ന ശേഷം വന്ധ്യതാ പരിശോധനക്കിടെ ഇവ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. പി.എം.ഡി.എസ് ജന്മനാ ഉണ്ടാകുന്ന അപൂർവ അവസ്ഥയാണ്.

യുവാവിന്റെ വയറിനുള്ളിൽ കാലങ്ങളായി കിടന്നതിനാൽ വൃഷണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ഗർഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. രോഗിയുടെ പ്രായം, വൃഷണങ്ങളുടെ കേടുപാടുകൾ, ക്യാൻസർ സാധ്യത എന്നിവ പരിഗണിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. നീക്കം ചെയ്ത കോശങ്ങൾ പരിശോധിച്ചപ്പോൾ യുവാവിന്റെ ഒരു വൃഷണത്തിൽ കാൻസറായി മാറാൻ സാധ്യതയുള്ള അസാധാരണ കോശവളർച്ച കണ്ടെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - 24 Year Old Man Discovers Uterus During Infertility Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.