ഉറക്കം കെടുത്തും, ഷുഗർ നിയന്ത്രണം താളം തെറ്റിക്കും? വൈകിയുള്ള അത്താഴം വില്ലനാകാം

ആധുനിക ജീവിത ശൈലിയുടെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ ഒന്നാണ് രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ. എന്നാൽ, ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. രാത്രി വൈകിയുള്ള അത്താഴം ഉറക്കത്തെ മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരത്തെയും ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും പോലെത്തന്നെ എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നതും പ്രധാനമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ശരീരത്തിലെ വിവിധ അവയവങ്ങൾ 24 മണിക്കൂർ ചക്രത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ജൈവഘടികാരത്തെ പിന്തുടരുന്നവയാണ്. പകൽ സമയത്ത് ഭക്ഷണം ദഹിപ്പിക്കാനും ഊർജം ഉപയോഗിക്കാനും ശരീരം കൂടുതൽ സജ്ജമാണ്. എന്നാൽ, രാത്രിയിൽ ഈ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകും. രാത്രി വൈകിയുള്ള ഭക്ഷണം ഈ സ്വാഭാവിക താളവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ ഇൻസുലിൻ പ്രവർത്തനക്ഷമത കുറയാനും രക്തത്തിലെ പഞ്ചസാര നിയന്ത്രണം മോശമാകാനും കൊഴുപ്പ് സംഭരണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

വൈകിയുള്ള ഭക്ഷണം ഉറക്കത്തെയും ബാധിക്കാം. ഭക്ഷണസമയം, ഹോർമോണുകളുടെ പ്രവർത്തനം, ഉറക്കം, ഉപാപചയം എന്നിവ പരസ്പരം സ്വാധീനിക്കുന്ന സങ്കീർണമായ പ്രക്രിയകളാണ് ശരീരത്തിൽ നടക്കുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉടൻ കിടക്കുന്നതും അത്ര നല്ല കാര്യമല്ല. രാത്രി 10 മണിക്ക് ശേഷമുള്ള അത്താഴം എട്ട് മണിക്ക് മുമ്പാക്കി മാറ്റിയപ്പോൾ ടൈപ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിലും ഇൻസുലിൻ പ്രതിരോധത്തിലും ഹ്രസ്വകാല മെച്ചം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, പ്രമേഹമുള്ളവരിൽ വൈകിയുള്ള അത്താഴം കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. രാത്രി വളരെ വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, ഭക്ഷണസമയം കഴിയുന്നത്ര സ്ഥിരതയോടെ നിലനിർത്തുക എന്നിവ പ്രധാനമാണെന്ന് പഠനങ്ങൾ പറയുന്നു. നേരത്തേ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഗുണകരമായ ഫലങ്ങൾ നൽകാമെന്നും വ്യക്തമാക്കുന്നു.

Tags:    
News Summary - Why Late-Night Dinners Are Harmful to Your Health and Circadian Rhythm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.