പുതുചരിത്രം കുറിക്കുന്ന ചുവടുവെപ്പ്; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റിവ് ഓങ്കോളജി പ്രഖ്യാപനം സെപ്റ്റംബർ ഒമ്പതിന്
കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റിവ് ഓങ്കോളജി (എൻ.ഐ.പി.ഒ) –റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ പദ്ധതിയുടെ പ്രഖ്യാപനം സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകീട്ട് ഏഴിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. മന്ത്രി സി. പി. ജോൺ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. ‘‘റീ-റൈറ്റ് ദ കാൻസർ സ്റ്റോറി’’ പരിപാടി കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും.
കാൻസർ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ഗവേഷണം, പരിശീലനം എന്നിവയെ ഏകോപിപ്പിച്ച് ഇന്ത്യയിലെ പ്രിവന്റിവ് ഓങ്കോളജി രംഗത്തിന് പുതിയ ദിശ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എൻ.ഐ.പി.ഒ എന്ന പുതിയ സംരംഭം വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ കാൻസർ പ്രിവൻഷൻ, സ്ക്രീനിങ്, സ്ട്രാറ്റജി, ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററാണ് ഈ ആശയത്തിന് നേതൃത്വം നൽകുന്നത്. കാൻസർ വന്നശേഷം മാത്രം ചികിത്സിക്കുന്ന പരമ്പരാഗത സമീപനത്തിൽ നിന്ന് വലിയ മാറ്റമാവും ഇത്.
കാൻസർ സാധ്യമായിടത്തോളം തടയുക, രോഗസാധ്യതയുള്ളവരെ നേരത്തേ കണ്ടെത്തുക, രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുക, പ്രതിരോധാധിഷ്ഠിത ആരോഗ്യപരിപാലന സേവനങ്ങൾ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്നിവയാണ് പ്രധാന ദൗത്യം.
2026 ജനുവരിയിൽ തിരുവനന്തപുരത്ത് സ്വസ്തി ഫൗണ്ടേഷന്റെയും ന്യൂഡൽഹിയിലെ ദ ഹാൻസ് ഫൗണ്ടേഷൻ ലൈഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ പ്രിവന്റിവ് ഓങ്കോ സമ്മിറ്റിൽ നടന്ന ചർച്ചകളാണ് എൻ.ഐ.പി.ഒ എന്ന ആശയത്തിന് അടിത്തറയൊരുക്കിയത്.
പ്രധാന പ്രവർത്തന മേഖലകൾ
* സമൂഹാധിഷ്ഠിത കാൻസർ സ്ക്രീനിങ് ക്യാമ്പുകൾ
* മൊബൈൽ സ്ക്രീനിങ് യൂനിറ്റുകൾ
* ആശുപത്രികളുമായി ബന്ധിപ്പിച്ച പ്രിവന്റിവ് ഓങ്കോളജി ക്ലിനിക്കുകൾ
* എച്ച്.പി.വി പരിശോധനയും ഗർഭാശയമുഖ അർബുദ പ്രതിരോധ പരിപാടികളും
* ഡിജിറ്റൽ കാൻസർ രജിസ്ട്രികൾ
* ഉയർന്ന അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെ കണ്ടെത്തുന്നതിനും അപകടസാധ്യത നിർണയിക്കുന്നതിനുമുള്ള പദ്ധതികൾ
* പൊതുജന അവബോധവും സമൂഹ പങ്കാളിത്തവും ഉറപ്പാക്കുന്ന പരിപാടികൾ
പ്രിവന്റിവ് ഓങ്കോളജി, കാൻസർ എപ്പിഡെമിയോളജി, ഗവേഷണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ ഉയർന്ന നിലവാരമുള്ള പരിശീലന-ഗവേഷണ അവസരങ്ങൾ വികസിപ്പിക്കുന്നതും സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമുകൾ, അപകടസാധ്യത പ്രവചിക്കുന്ന ഉപകരണങ്ങൾ, ടെലിമെഡിസിൻ, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തി കാൻസർ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും കൂടുതൽ ഫലപ്രദമാക്കാൻ ഗവേഷണത്തിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും ശ്രമിക്കും.
സർക്കാരുകൾ, ആശുപത്രികൾ, പൊതുജനാരോഗ്യ ഏജൻസികൾ, തദ്ദേശ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ എന്നിവക്ക് തെളിവുകൾ അടിസ്ഥാനമാക്കിയ കാൻസർ നിയന്ത്രണ നയങ്ങളും മാതൃകകളും വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പോളിസി ആൻഡ് നോളജ് സെന്ററായി കൂടി എൻ.ഐ.പി.ഒ വളരാനാണ് ലക്ഷ്യമിടുന്നത്.
എൻ.ഐ.പി.ഒയുടെ യഥാർഥ വിജയത്തിന്റെ അളവുകോൽ എത്ര കാൻസറുകൾ തടയാൻ കഴിഞ്ഞു, എത്ര രോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിഞ്ഞു, ഒടുവിൽ എത്ര ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു എന്നിവയായിരിക്കും.
സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച പി.എച്ച്. കുര്യന് ആദരാഞ്ജലിയായി, കേരളത്തിന്റെ തീരദേശ, പിന്നാക്ക മേഖലകളിൽ കാൻസർ അവബോധം, സ്ക്രീനിങ്, നേരത്തെയുള്ള രോഗനിർണയം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ‘സ്നേഹതീരം’ പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. തെക്ക് പൊഴിയൂർ മുതൽ വടക്ക് കാസർകോട് വരെ തീരദേശ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ‘സ്നേഹതീരം’ നടപ്പാക്കുക.
നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ, കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, പട്ടം എസ്.യു.ടി ഹോസ്പിറ്റൽ, കൊല്ലം ട്രാവൻകൂർ മെഡിസിറ്റി, പാലക്കാട് കേരള മെഡിക്കൽ കോളജ്, കൈരളി സൊസൈറ്റി ഓഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ പാത്തോളജിസ്റ്റ്സ്, മലബാർ കാൻസർ കെയർ സൊസൈറ്റി, ഇന്ത്യൻ റേഡിയോളജി ആൻഡ് ഇമേജിങ് അസോസിയേഷൻ, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, ചെങ്ങന്നൂർ കെ.എം. ചെറിയാൻ ഹോസ്പിറ്റൽ, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും പ്രഫഷണൽ സംഘടനകളും കൈകോർക്കും.
മലയാളികൾക്കിടയിലെ മൾട്ടിപ്പിൾ മൈലോമ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അപകടസാധ്യതാ ഘടകങ്ങൾ കണ്ടെത്തുക, സ്ക്രീനിങ് പ്രോത്സാഹിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മയോ ക്ലിനിക്കിലെ പ്രമുഖ വിദഗ്ധനായ ഡോ. ഷാജി കുമാറിന്റെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീകളിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന അപകടസാധ്യതാ ഘടകങ്ങളെക്കുറിച്ച് പഠിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ശ്രീ ഗോകുലം മെഡിക്കൽ കോളജും സ്വാസ്ഥി ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യ നേത്രപരിശോധന ലഭ്യമാക്കുകയും നേത്രരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള അവബോധവും സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് നിത്യപ്രകാശം പദ്ധതിയുടെ ലക്ഷ്യം. ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, സ്വസ്തി ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.